ന്യൂഡല്‍ഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്ത് ജയിലിലടച്ച ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സോറന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് ഇ.ഡി.സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീംകോടതി ഇ.ഡിയുടെ ആവശ്യം തള്ളിയത്. ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞ ജനുവരി 31-നാണ് 48-കാരനായ ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റുചെയ്തത്. അറസ്റ്റിനു തൊട്ടുമുന്‍പ് അദ്ദേഹം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചംപായ് സോറനെ പിന്തുണയ്ക്കുകയും ചെയ്തു. എന്‍.ഡി.എ.യിലേക്ക് കൂറുമാറാനുള്ള സമ്മര്‍ദത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് മോദിസര്‍ക്കാരിന്റെ പ്രതികാരനടപടിയാണ് സോറനെതിരേയുണ്ടായതെന്നാണ് ഇന്ത്യസഖ്യത്തിന്റെ ആരോപണം.
തെളിവുനശിപ്പിക്കാനും സമാനമായ കുറ്റം ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന ഇ.ഡി. വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജി റോങ്കോണ്‍ മുഖോപാധ്യായയുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ അദ്ദേഹം കുറ്റക്കാരനാണെന്നു തോന്നുന്നില്ലെന്നും ബെഞ്ച് വിലയിരുത്തി.
ഝാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍മാത്രം ബാക്കിയിരിക്കെ സോറന് ജാമ്യം ലഭിച്ചത് ഇന്ത്യസഖ്യത്തിന് ആശ്വാസമായിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വ്യാജരേഖയുടെ സഹായത്തോടെ 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്നതുള്‍പ്പെടെ മൂന്നുകേസുകളാണ് ഹേമന്ത് സോറനെതിരേ ഇ.ഡി. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.