ന്യൂഡല്‍ഹി: കുരുക്ഷേത്രയുദ്ധത്തില്‍ ആറുപേര്‍ അഭിമന്യുവിനെ 'ചക്രവ്യൂഹ'ത്തില്‍ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്ന ആരോപണവുമായി ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചില്‍ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്രവ്യൂഹത്തിലാണ് ഇന്ത്യ കുടുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
21-ാം നൂറ്റാണ്ടില്‍ രൂപീകൃതമായ പുതിയ ചക്രവ്യൂഹത്തിന്റെ കേന്ദ്രത്തില്‍ ആറ് പേരുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം ഈ ചക്രവ്യൂഹത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹത്തിലെ കേന്ദ്ര ബിന്ദുക്കളെന്നും രാഹുല്‍ പേരെടുത്ത് പറഞ്ഞു. ഇത് സഭയില്‍ വലിയ ബഹളങ്ങള്‍ക്കിടയാക്കി. ധനമന്ത്രിയുടെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ പ്രസംഗത്തില്‍ ഇടപെട്ട സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ അംഗങ്ങളല്ലാത്തവരുടെ പേര് പരാമര്‍ശിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി. ശരി സര്, അംബാനിയുടെയും അദാനിയുടെയും ദോവലിന്റെയും പേര് വേണമെങ്കില്‍ അങ്ങേയ്ക്ക് എന്റെ പ്രസംഗത്തില്‍ ഒഴിവാക്കാമെന്ന് രാഹുല്‍ മറുപടി നല്കി.
'ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നില്‍ മൂന്ന് ശക്തികളുണ്ട്, ഒന്നാമത്തേത് കുത്തക മൂലധനത്തിന്റെ ആശയമാണ് - രണ്ട് പേര്‍ക്ക് ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ സ്വന്തമാക്കാന്‍ അനുവദിക്കണം. അതിനാല്‍, ചക്രവ്യൂഹത്തിന്റെ ഒരു ഘടകം സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണത്തില്‍ നിന്നാണ്.
രണ്ടാമത്തേത് സ്ഥാപനങ്ങളും സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് അടക്കമുള്ള ഏജന്‍സികളാണ്. മൂന്നാമത്, പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവാണ്. ഇവമൂന്നും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു' രാഹുല്‍ പറഞ്ഞു.
ഭയത്തിന്റെ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'ഈ ബജറ്റ് ഈ രാജ്യത്തെ കര്‍ഷകരെ സഹായിക്കും, ഈ രാജ്യത്തെ യുവാക്കളെ സഹായിക്കും, ഈ രാജ്യത്തെ തൊഴിലാളികളെയും ചെറുകിട വ്യവസായങ്ങളെയും സഹായിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാല്‍ കണ്ടത്, ഈ ചക്രവ്യൂഹത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഈ ബജറ്റിന്റെ ഏക ലക്ഷ്യം.
കുത്തക ബിസിനസിന്റെ ചട്ടക്കൂട്, ജനാധിപത്യ ഘടനയെയും ഭരണകൂടത്തെയും ഏജന്‍സികളെയും നശിപ്പിക്കുന്ന ഒരു രാഷ്ട്രീയ കുത്തകയുടെ ചട്ടക്കൂട്. ഇതിന്റെ ഫലം ഇതാണ്, ഇന്ത്യക്ക് തൊഴില്‍ നല്കിയവര്, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, നോട്ട് നിരോധനം, ജിഎസ്ടി, നികുതി ഭീകരത എന്നിവയിലൂടെ അക്രക്രമിക്കപ്പെട്ടു' രാഹുല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.