മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 175 ആയി, ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇതിൽ 4 പുരുഷന്മാരും 6 സ്ത്രീകളും ഉൾപ്പെടും. 4 പേരുടെ ശരീരഭാഗങ്ങൾ മാത്രമാണുള്ളത്. ഒന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.
ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. മേഖലയിൽ തിരച്ചിൽ തുടരുകാണ്. ഉരുൾപൊട്ടലിൽ 225 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികൾ കയർത്തു. മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ കയർത്തത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞുവെന്നാരോപിച്ചായിരുന്നു വാക്കേറ്റം.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. ഒൻപതു മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതൽ ഫൊറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് മേപ്പാടിയിലെത്തി. വയനാട് ദുരന്തം ലോക്‌സഭ വൈകിട്ട് ചര്‍ച്ച ചെയ്യും. കെ.സി.വേണുഗോപാലിന്‍റെ ശ്രദ്ധ ക്ഷണിക്കല്‍ 3 മണിക്ക്.
നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് മുണ്ടക്കൈയിലെത്തി. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തത് രക്ഷാപ്രവർത്തനത്തിനു പ്രതിസന്ധിയാണ്. മുണ്ടക്കൈ ഭാഗത്ത് അന്‍പതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
45 ദുരിതാശ്വാസ ക്യാംപുകളിലായി 3,069 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഉച്ചയോടെ താൽക്കാലിക പാലത്തിന്റെ നിർമാണം ആരംഭിച്ചു. നിർമാണം നാളെ പൂർത്തിയാകുമെന്നാണ് സൈന്യം അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.