മസ്കറ്റ്: ജൂലൈ 15ന് ഒമാന്‍ തീരത്ത് അറബിക്കടലില്‍ മറിഞ്ഞ് മുങ്ങിയ എംടി പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന എണ്ണക്കപ്പലിലെ ഒമ്പത് ജീവനക്കാരെ ജീവനോടെ കണ്ടെത്തിയതായി ഒമാന്‍ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഒന്‍പത് പേരെ രക്ഷപ്പെടുത്താനായത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഒമാന്‍ നാവിക സേനയ്ക്കൊപ്പം ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് തേജും വ്യോമസേനയുടെ മാരിടൈം സര്‍വെയ്ലന്‍സ് വിമാനമായ പി-81ഉമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉള്‍പ്പെടെ ആകെ 16 ജീവനക്കാരാണ് എംവിയില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ ഒമ്പത് ജീവനക്കാരില്‍ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കന്‍ പൗരനും ഉള്‍പ്പെടും.
പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാല്‍ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലാണ് ഇന്ത്യന്‍, ഒമാനി നാവിക സേനകള്‍ തെരച്ചില്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒമാനി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നതായി ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഒമാനിലെ തുറമുഖ പട്ടണമായ ദുഖമിന് സമീപം റാസ് മദ്രാക്ക എന്ന സ്ഥലത്തു നിന്ന് ഏകദേശം 25 നോട്ടിക്കല്‍ മൈല്‍ തെക്കു കിഴക്കായിട്ടാണ് കൊമോറോസ് പതാക ഘടിപ്പിച്ച എണ്ണ ടാങ്കര്‍ മറിഞ്ഞത്. ജൂലൈ ഒന്‍പതിന് ദുബായിലെ അല്‍ ഹംരിയ തുറമുഖത്ത് നിന്ന് പുറപ്പെട്ടതാണ് കപ്പല്‍. ഇത് ജൂലൈ 18ന് വ്യാഴാഴ്ച യെമനിലെ ഏദന്‍ തുറമുഖത്ത് എത്തേണ്ട കപ്പലാണ് ഇതെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കി.
പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന എണ്ണക്കപ്പലാണ് അപകടത്തില്‍ പെട്ടത്. എല്എസ്ഇജിയുടെ ഷിപ്പിംഗ് ഡാറ്റ പ്രകാരം 2007 ല്‍ നിര്‍മ്മിച്ച 117 മീറ്റര്‍ നീളമുള്ള എണ്ണ ടാങ്കറാണ് ഈ കപ്പല്‍. കപ്പലിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കപ്പല്‍ മറിയാനിടയായ കാരണം എന്തെന്നും വ്യക്തമായിട്ടില്ല. ജൂലൈ പതിനഞ്ചാം തീയതിയാണ് കപ്പലില്‍ നിന്ന് അവസാനമായി വിവരങ്ങള്‍ ലഭിച്ചത്. പ്രാദേശിക സമയം 10 മണിയോടെയാണ് കപ്പലില്‍ നിന്ന് അപായസൂചന ലഭിച്ചത്. പിന്നീട് കപ്പലിലുള്ളവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.