മുബൈ: ആഡംബര കാറിടിച്ച് മത്സ്യവിൽപ്പനത്തൊഴിലാളിയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതി മിഹിറിനായി മുംബൈ പൊലീസ് കെണിയൊരുക്കി കാത്തിരുന്നത് 72 മണിക്കൂർ. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനു നേർക്ക് നേരത്തെ വിമർശനം ഉയർന്നിരുന്നു.
വിമർശനങ്ങൾക്കിടയിലും മിഹിറിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പടെ പൊലീസ് കൃത്യമായി നിരീക്ഷിച്ചതിന്റെ കൂടി ഭാഗമായാണ് അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ: അപകടത്തിന് ശേഷം ബാന്ദ്രയിലെ കാലാ നഗറിന് സമീപം കാർ ഉപേക്ഷിച്ച് ഗോരേഗാവിലെ കാമുകിയുടെ വീട്ടിലേക്കാണ് മിഹിർ പോയത്. അതിനു ശേഷം കാമുകിയ്ക്കൊപ്പം ബോറിവാലിയിലെ മിഹിറിന്റെ വീട്ടിലേയ്ക്കും പോയി. തുടർന്ന് മിഹിറിന്റെ അമ്മയെയും രണ്ട് സഹോദരിമാരെയും സുഹൃത്ത് അവ്ദീപിനെയും കൂട്ടി ഇവർ മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഷാഹ്പൂരിലെ ഒരു റിസോർട്ടിലേക്ക് മാറി. യാത്രയ്ക്ക് തൊട്ടുമുൻപ് ഇവരെല്ലാവരും തന്നെ ഫോൺ ഓഫ് ചെയ്തിരുന്നു.
എന്നാൽ തിങ്കളാഴ്ച്ച രാത്രിയോടെ ഷാഹ്പൂരിൽ നിന്ന് മിഹിർ സുഹൃത്തിനൊപ്പം പുറപ്പെട്ടു. മുംബൈയിലെ തന്നെ വരാറിലേയ്ക്കാണ് ഇവർ പോയത്. ചൊവ്വാഴ്ച്ച രാവിലെ മിഹിറിന്റെ സുഹൃത്ത് ഇയാളുടെ ഫോൺ ഓൺ ചെയ്തു. ഇതോടെ വലവിരിച്ചു കാത്തിരുന്ന മുംബൈ പൊലീസിന് പ്രതിയിലേക്കുള്ള നിർണായകമായ തുമ്പ് കിട്ടി. 15 മിനിറ്റ് ഓൺ ചെയ്ത് വച്ച ഈ ഫോണിനെ പിന്തുടർന്നെത്തിയ പൊലീസ് ഒടുവിൽ മിഹിർ ഷായെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊത്തവിപണിയിൽ നിന്ന് മീൻ വാങ്ങി ഭർത്താവ് പ്രദീപിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവെ, കാവേരി എന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും സ്കൂട്ടറിൽ നിന്നു തെറിച്ച് കാറിന്റെ ബോണറ്റിൽ വീണു. പ്രദീപ് താഴെ പതിച്ചെങ്കിലും ബോണറ്റിനും ബംപറിനും ഇടയിൽ കുടുങ്ങിയ കാവേരിയുമായി ഒന്നര കിലോമീറ്ററോളം വാഹനം ഓടിച്ച ശേഷം മിഹിർ ഡ്രൈവിങ് സീറ്റിൽ നിന്നു മാറി. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ രാജർഷിയാണ് തുടർന്നു കാറോടിച്ചത്.
കാർ വേഗത്തിൽ പിന്നോട്ടെടുത്ത് കാവേരിയെ റോഡിൽ വീഴ്ത്തിയ ശേഷം അതിവേഗം ഓടിച്ചു പോകുകയായിരുന്നു.അപകട വിവരമറിഞ്ഞ പിതാവ് രാജേഷ് ഷാ, മകനോട് രക്ഷപ്പെടാനും ഡ്രൈവറോടു കുറ്റമേൽക്കാനും നിർദേശിച്ചു. കാർ രഹസ്യകേന്ദ്രത്തിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നമ്പർ പ്ലേറ്റും ഗ്ലാസിൽ ഒട്ടിച്ച ശിവസേനയുടെ സ്റ്റിക്കറും ഇളക്കിമാറ്റിയിരുന്നു.
അപകടമുണ്ടായ രാത്രി മണിക്കൂറുകളോളം ബാറിൽ ചെലവഴിച്ച മിഹിർ, ഡ്രൈവറുണ്ടായിട്ടും കാർ ഓടിക്കുകയായിരുന്നു. അതേസമയം, മിഹിർ മദ്യപിച്ചിട്ടില്ലെന്ന് ബാറുടമ അവകാശപ്പെട്ടു. 24 വയസ്സ് മാത്രമുള്ള മിഹിർ ഷായ്ക്ക് മദ്യം നൽകിയതിന് ജുഹുവിലെ ബാർ എക്സൈസ് വകുപ്പ് അടച്ചുപൂട്ടി. വീര്യം കൂടിയ മദ്യം ഉപയോഗിക്കാൻ 25 വയസ്സാണ് മഹാരാഷ്ട്രയിലെ പ്രായപരിധി.
മിഹിർ ഒളിവിൽ പോയത് പൊലീസിനെ പ്രതിസന്ധിയിലാക്കിരുന്നു. മിഹിറും അമ്മയും സഹോദരിയും ഫോൺ ഓഫ് ചെയ്തതോടെ, പ്രതിയെ പിടികൂടാനുള്ള അവസാന അവസരവും നഷ്ടപ്പെട്ടുവെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ വിമർശങ്ങൾക്കിടയിലും മുംബൈ പൊലീസ് ഇവർക്കായി വല വിരിച്ചു കാത്തിരുന്നു. ഒടുവിൽ മിഹിർ അറസ്റ്റിലുമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.