ന്യൂഡല്‍ഹി: ജനങ്ങളെ വിശ്വാസത്തിലെടുത്തും തൊഴിലാളിവർഗ കാഴ്ചപ്പാടിലൂന്നിയും മുന്നോട്ടുപോകുന്നതിലെ വീഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് വിലയിരുത്തി സി.പി.എം.കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു.
ജനവിശ്വാസം വീണ്ടെടുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള തിരുത്തല്‍ പ്രക്രിയക്കാണ് സി.പി.എം. നീക്കം. 2019-ലെ സമാനമായ നീക്കം ഇത്തവണയുമുണ്ടാകും.പാർട്ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെയും വിട്ടുപോയവരെയും തിരിച്ചെത്തിക്കാൻ പ്രത്യേക മാർഗരേഖ തയ്യാറാക്കി കേരളത്തില്‍ നീങ്ങണമെന്ന് മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം നിർദേശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് യോഗം അംഗീകരിച്ചു. ചർച്ചകള്‍ക്ക് ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി നല്‍കി.
തൊഴിലാളിവർഗത്തെ ചേർത്തുപിടിച്ചുള്ള പാർട്ടിയുടെ വർഗപരമായ സമീപനത്തില്‍നിന്ന് വ്യതിചലിച്ചുനീങ്ങുന്നത് അപകടമാണെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. കേരളത്തില്‍ ഈ അകല്‍ച്ച ബി.ജെ.പി.യുടെ വളർച്ചയ്ക്ക് വളമാകുന്നുവെന്നാണ് വിലയിരുത്തല്‍.
ബി.ജെ.പി.യുടെ വളർച്ചയ്ക്ക് തടയിടാനുള്ള നേതൃപരമായ ഇടപെടലുകള്‍ ഉണ്ടാകണം. പാർട്ടിനയം മുറുകെപ്പിടിച്ച് ജനവിശ്വാസമാർജിക്കാനുള്ള തീവ്രയജ്ഞം സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വിജയത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സംഘടനാതലത്തിലെ വീഴ്ചയാണ്. ഇത് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. പതിനൊന്ന് നിയമസഭാമണ്ഡലങ്ങളില്‍ ബി.ജെ.പി. കേരളത്തില്‍ മുന്നിലെത്തിയത് ഗൗരവതരമാണ്. പാർട്ടിവോട്ടുകളും ചോർന്നിട്ടുണ്ട്.
പാർട്ടിയുടെ അടിസ്ഥാനവോട്ടുകള്‍ എങ്ങനെ ചോർന്നുവെന്നത് ഗൗരവമായി പരിശോധിക്കപ്പെടണം. അത് തടയാനാവശ്യമായ ഇടപെടലുകളുണ്ടാവണം. മതന്യൂനപക്ഷ ഏകീകരണം കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായത് ദേശീയ രാഷ്ട്രീയ സാഹചര്യംകൊണ്ടുകൂടിയാണെന്ന വിലയിരുത്തലും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.