ഭോപ്പാല്‍: വിവാഹദിവസം പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മധ്യപ്രദേശിലെ ഗുണയിലുള്ള പർധി ആദിവാസി വിഭാഗത്തില്‍പ്പെട്ട ദേവപർധി എന്ന 25-കാരനാണ് മരിച്ചത്.
സംഭവത്തില്‍ പ്രകോപിതരായ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ കളക്ടറേറ്റില്‍ നടത്തിയ പ്രതിഷേധം സംഘർഷത്തിനിടയാക്കി.ബന്ധുക്കളായ സ്ത്രീകളില്‍ ചിലർ വസ്ത്രം അഴിച്ച് പ്രതിഷേധിച്ചത് സ്ഥിതി സങ്കീർണമാക്കി. മറ്റുചിലർ കളക്ടറേറ്റ് ഓഫീസിന്റെ നിലത്ത് ഇരിക്കുകയും കിടന്ന് കരയുകയും ചെയ്തു. പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കാനുള്ള ശ്രമത്തിനിടെ പോലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാരില്‍ ചിലർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. യുവാവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന പോലീസ് വാദം തെറ്റാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തന്റെ വിവാഹദിവസമായ ഞായറാഴ്ച ആയിരുന്നു മോഷണകുറ്റം ആരോപിച്ച് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ അമ്മാവൻ ഉള്‍പ്പെട്ട മോഷണക്കേസിലായിരുന്നു അറസ്റ്റ്. വിവാഹത്തിന്റെ ഭാഗമായി വരനേയും കൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു പോലീസ് നടപടി.
കഴിഞ്ഞ ദിവസം രാത്രിയോടെ യുവാവിന്റെ മരണവാർത്ത പോലീസ് കുടുംബത്തെ അറിയിക്കുകായായിരുന്നു. വിവരമറിഞ്ഞ വധു പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു.
മോഷണവുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ കണ്ടെടുക്കുന്നതിനിടെ നെഞ്ചുവേദനയുള്ളതായി യുവാവ് പറഞ്ഞെന്നും തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചെന്നാണ് പോലീസ് പറയുന്നത്. വിവിധ സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനല്‍ കേസുകളില്‍ ദേവപർദി പ്രതിയാണെന്നാണ് പോലീസ് വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.