ധാക്ക: രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടയാക്കിയ സംവരണ പ്രശ്നത്തില്‍ നിര്‍ണായക വിധിയുമായി ബംഗ്ലാദേശ് സുപ്രീംകോടതി. സര്‍ക്കാര്‍ ജോലികളിലെ സംവരണം സുപ്രീം കോടതി ഏഴു ശതമാനമാക്കി വെട്ടിച്ചുരുക്കി.
ബാക്കി 93 ശതമാനത്തിലും മെറിറ്റ് അടിസ്ഥാനമാക്കി ആളുകളെ നിയമിക്കണമെന്നാണ് സുപ്രീംകോടതി അപ്പലേറ്റ് ഡിവിഷന്റെ ഉത്തരവ്.ഏഴു ശതമാനം സംവരണത്തില്‍ 5 ശതമാനം സ്വാതന്ത്ര്യസമരപ്പോരാളികളുടെ പിന്മുറക്കാര്ക്കും, ബാക്കിയുള്ള രണ്ടു ശതമാനത്തില്‍ ഒന്നു വീതം ഗോത്ര വര്‍ഗ സമൂഹത്തില്‍പ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നല്‍കണമെന്നാണ് കോടതി വിധിച്ചത്. നിലവില്‍ സ്വാതന്ത്ര്യസമരപ്പോരാളികളുടെ പിന്മുറക്കാര്ക്കുള്ള ജോലി സംവരണം 30 ശതമാനമായിരുന്നു.
1971 ലെ ബംഗ്ലാദേശ് വിമാചനസമരത്തില്‍ മരിച്ചവരുടെ പിന്മുറക്കാര്ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിസംവരണം പുനസ്ഥാപിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിനു കാരണമായത്. ഹൈക്കോടതിയുടെ ഈ വിധി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചതായി ബംഗ്ലാദേശ് അറ്റോര്‍ണി ജനറല്‍ അമീന് ഉദ്ദീന്‍ പറഞ്ഞു.
പ്രക്ഷോഭത്തിലേര്‍പ്പെട്ടിരുന്ന കുട്ടികള്‍ സമരം നിര്‍ത്തി ക്ലാസ്സുകളിലേക്ക് മടങ്ങാന്‍ കോടതി ആവശ്യപ്പെട്ടതായി, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് ഷാ ണഞ്ജറുള് ഹഖ് പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ 150 ലേറെ പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യത്ത് സ്ഥിതി ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് സുപ്രീംകോടതി അടിയന്തരമായി ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും പ്രക്ഷോഭകരും നല്കിയ അപ്പീല്‍ പരിഗണിക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തത്.
വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്തലമുറക്കാര്ക്ക് 30 ശതമാനം സംവരണമാണ് സര്‍ക്കാര്‍ ജോലിക്ക് ലഭിച്ചിരുന്നത്.
ഇത്രയേറെ സംവരണം തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. 2018ല്‍ ഷേഖ് ഹസീന സര്‍ക്കാര്‍ ഈ ക്വാട്ട സംവരണം റദ്ദാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഹൈക്കോടതി ക്വാട്ട പുനഃസ്ഥാപിച്ചു. ഇതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
പ്രക്ഷോഭത്തെത്തുടര്‍ന്ന് 4500 ഇന്ത്യക്കാര്‍ രാജ്യത്ത് തിരിച്ചെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. 500 നേപ്പോള്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളും 38 ഭൂട്ടാന്‍കാരും ഒരു മാലദ്വീപ് സ്വദേശിയും ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.