ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കും. മണിപ്പൂരിലെ കുക്കി-മെയ്തേയി വിഭാഗങ്ങളുമായി വംശീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
അക്രമ സംഭവങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകും. മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തി. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഷാ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
മണിപ്പൂരിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഷാ പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി സുരക്ഷാ സേനയെ കൂടുതല്‍ കാര്യക്ഷമതയോടെയും തന്ത്രപരമായും വിന്യസിക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.
മെയ്തേയി വിഭാഗത്തിലുള്ളവരെ പട്ടിക വര്ഗത്തില്പ്പെടുത്താന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. 2023 മെയ് മൂന്നിനാണ് കുക്കി-മെയ്തേയിവിഭാഗങ്ങള് ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും വംശീയ കലാപത്തിലേക്ക് വഴിമാറിയതും.സംഘര്‍ഷത്തില്‍ ഇതുവരെ 200-ലധികം പേര്‍ക്ക് ജീവന് നഷ്ടമായി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു, മുപ്പതിനായിരത്തിലധികം പലായനം ചെയ്തു. പതിനായിരങ്ങളാണ് ഭവന രഹിതരായത്.
മണിപ്പൂരിൽ സ്ഥിതിഗതികള്‍ ഇപ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജിരിബാമില്‍ നിന്ന് പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ വംശീയ കലാപമുണ്ടായ മണിപ്പൂരില്‍ ഒരു വര്‍ഷത്തിന് ശേഷവും സമാധാനം പുനസ്ഥാപിക്കാനാവാത്തതില് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷ ഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുന്‍ഗണനയോടെ പരിഗണിക്കണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ ഈ ഇടപെടൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.