ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘത്തിൽ വൻ വായ്പാ ക്രമക്കേട്

തിരുവനന്തപുരം: ക്രമക്കേടുകളുടെ കൂത്തരങ്ങാണ് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘമെന്ന് വ്യക്തമാക്കി ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. ഒരേ പ്രമാണം ഈടുവെച്ച് പലരുടെ പേരിലായി വായ്പകള്‍ നല്‍കിയിട്ടുണ്ടെന്ന് 2018-19 കാലത്ത് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. 12 വായ്പകള്‍ വരെ ഇങ്ങനെ ഒരേ പ്രമാണം ഈടുവെച്ച് അനുവദിച്ചതായും ഈ ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ല. നിരവധി ക്രമക്കേടുകളേക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഈടുവെച്ച സ്ഥലത്തിന്റെ മതിപ്പ് വില രേഖപ്പെടുത്താതിരിക്കുക, വസ്തുവിന്റെ വാല്യുവേഷന്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്താതിരിക്കുക തുടങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കടക്കം വായ്പ നൽകിയിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഈടുവെച്ച വസ്തു നേരിട്ട് കണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നുണ്ടെങ്കിലും അതുപോലും നടത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വസ്തുവിന്റെ ഉടമയുടെ ഒപ്പ് പല അപേക്ഷകളിലും വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായ്പ അപേക്ഷകരുടെ അക്കൗണ്ടിലേക്ക് പണം വകയിരുത്തിയതിന് ശേഷം അത് പിന്‍വലിച്ച് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുത്തുവെന്നും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതേ ആളുടെ ഒപ്പാണ് പല രേഖകളിലും വ്യത്യസ്തമായി കണ്ടെത്തിയത്. ഇവര്‍ക്കുതന്നെ വീണ്ടും വായ്പ അനുവദിച്ചിട്ടുമുണ്ട്. പലരുടെ പേരിലായി ഒരേയാളുടെ വസ്തു ഈടുവെച്ച് വായ്പ അപേക്ഷ നല്‍കുകയും അവര്‍ക്കെല്ലാം വായ്പ അനുവദിച്ചതിന് ശേഷം ഇതെല്ലാം പിന്‍വലിച്ച് വസ്തുവിന്റെ ഉടമയ്ക്ക് ആ തുക മുഴുവന്‍ നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്.

ഇതേ ക്രമക്കേട് പലരുടെ പേരിലും ആവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുവ്യക്തിയുടെ പേരില്‍ വായ്പ നിലനില്‍ക്കെ തന്നെ അയാള്‍ക്ക് മറ്റൊരു വായ്പ അനുവദിച്ചതായും ഓഡിറ്റില്‍ കണ്ടെത്തി. അതേസമയം, വായ്പ അപേക്ഷ സാക്ഷ്യപ്പെടുത്തേണ്ടത് ആ സമയത്ത് സെക്രട്ടറി ഇന്‍ ചാര്‍ജായിരുന്ന ജിജി. എസ്. ആര്‍ ആയിരുന്നു. എന്നാല്‍, ക്രമക്കേട് നടന്ന പല അപേക്ഷകളിലും മറ്റൊരാളാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ വായ്പ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിക്ഷേപകരില്‍നിന്ന് സ്വരൂപിച്ച പണം ഭരണസമിതി ദുര്‍വിനിയോഗം ചെയ്തതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ബിസിനസ് വായ്പ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേട് നടന്നു. പല ബിസിനസ് വായ്പകള്‍ക്കും മതിയായ ഈട് ജാമ്യമായി സ്വീകരിക്കാതെയാണ് നല്‍കിയത്. 50,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് വായ്പകള്‍ പരസ്പര ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാന്‍ പാടില്ലെന്നിരിക്കെ ആ വ്യവസ്ഥയും തെറ്റിച്ചു. വായ്പ ലെഡ്ജറില്‍ വായ്പ എടുത്ത ആളിന്റെ മേല്‍വിവലാസമൊ ഒപ്പോ ഇല്ല. അതിനാല്‍ യഥാര്‍ഥ ആളുതന്നെയാണോ വായ്പ എടുത്തതെന്നും കൃത്യമായി കണ്ടെത്താനാകില്ല.

ബിസിനസ് വായ്പ കുടിശ്ശികയായി ഇരിക്കവെ തന്നെ അതേവ്യക്തികള്‍ക്ക് വീണ്ടും വായ്പ അനുവദിച്ചതും ഓഡിറ്റില്‍ കണ്ടെത്തി. ബിസിനസ് വായ്പ കളക്ഷന്‍ ഏജന്റ് മുഖേനെയാണ് പിരിച്ചെടുക്കുന്നത്. എന്നാല്‍, ഇങ്ങനെ പിരിച്ചെടുക്കുന്ന പണം നേരിട്ട് വായ്പ തിരിച്ചടവായി രേഖപ്പെടുത്തുന്നതിന് പകരം ഏജന്റിന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് തുക വായ്പ തിരിച്ചടവായി കണക്കില്‍ പെടുത്തുന്നത്. ഇതിനിടയില്‍ പണം മറിച്ച് മറ്റ് പല ഇടപാടുകള്‍ക്കും ഉപയോഗിക്കാനുള്ള അവസരവും സഹകരണ സംഘം ഒരുക്കിനല്‍കി. സഹകരണസംഘമായതിനാല്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് വായ്പ നല്‍കാന്‍ ആകില്ല. എന്നാല്‍, ഇവിടെ അംഗമല്ലാത്തവര്‍ക്കും വായ്പ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

സംഘം ആരംഭിച്ച 10,000,00 രൂപയുടെ എം.ഡി.എസ്. ഭൂരിഭാഗവും കുടിശ്ശികയാണ്. ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടുന്ന പണം വകമാറ്റി ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വലിയ തോതിലുള്ള വായ്പ, നിക്ഷേപ ക്രമക്കേടുകള്‍ ചെമ്പഴന്തി അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തില്‍ നടന്നിട്ടുണ്ട്.

ക്രമക്കേട് നടത്തിയതില്‍ പങ്കുള്ള ആളെന്ന് സംശയിക്കുന്നവര്‍ ബോര്‍ഡ് അംഗമായി മാറി. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ഭരണ സമിതിയാണ് ആരോപണ വിധേയനായ ജയകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്നത് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇത്രയധികം ക്രമക്കേടുകള്‍ ശ്രദ്ധയില്‍ വന്നിട്ടും കാര്യമായ നടപടി ഇക്കാലത്രയും ഇവര്‍ക്കെതിരെ നടക്കാതിരുന്നുവെന്നത് സംശയാസ്പദമാണ്. പ്രത്യേകിച്ച വിശദമായ പരിശോധന വേണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലും. ഓഡിറ്റ് റിപ്പോര്‍ട്ട് വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി വൈകിയതാണ് ഇപ്പോൾ നിക്ഷേപകരിലൊരാളുടെ ആത്മഹത്യയ്ക്കുവരെ വഴിവെച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !