ഹരിപ്പാട്: സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍. നാലുകെട്ടും കവല കടവില്‍ രവിയുടെ മകള്‍ ആര്യയെയാണ് (21) സ്‌കൂട്ടര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നത്. സംഭവത്തില്‍ കരുവാറ്റ കൊച്ചുകടത്തശ്ശേരി വീട്ടില്‍ പ്രജിത്ത് (37), ഭാര്യ രാജി (28) എന്നിവരാണ് പിടിയിലായത്. മേയ് 25നായിരുന്നു സംഭവം.
രാമപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലി കഴിഞ്ഞ് ഹരിപ്പാട്ടെ വസ്ത്രവ്യാപാര ശാലയില്‍ കയറിയശേഷം നങ്ങ്യാർകുളങ്ങര ജങ്ഷനില്‍ കൂടി കടന്നുപോകുന്നതിനിടയില്‍ യുവതിയുടെ സ്വർണാഭരണങ്ങള്‍ ദമ്പതികളുടെ ശ്രദ്ധയില്‍പെട്ടു.തുടർന്ന് യുവതിയെ പിന്തുടർന്ന ഇവർ രാത്രി എട്ടോടെ എൻ.ടി.പി.സി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ സ്കൂട്ടർ ഇടിപ്പിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു. പിന്നീട് രക്ഷിക്കാനെന്ന വ്യാജേന എത്തി ഇവർ ആഭരണങ്ങള്‍ കവർന്ന ശേഷം കടന്നുകളഞ്ഞു.
യുവതി മറ്റാരോടും പറയാതിരിക്കാൻ മൊബൈല്‍ ചളിയില്‍ വലിച്ചെറിയുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ച രണ്ട് പുരുഷന്മാര്‍ എന്നായിരുന്നു ആര്യ പൊലീസിന് കൊടുത്ത മൊഴി. അന്വേഷണം ഊര്‍ജിതമാക്കിയ കരിയിലക്കുളങ്ങര പൊലീസ് സി.സി. ടി.വി കാമറകളും ഇത്തരം കേസുകളില്‍ സംശയിക്കുന്ന ആളുകളെയും സൂക്ഷ്മ നിരീക്ഷണം നടത്തി. ഒടുവില്‍ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു.
ആഭരണങ്ങള്‍ ഡാണാപ്പടിയിലെ സ്വർണക്കടയില്‍ വിറ്റശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ പ്രതികള്‍ പിന്നീട് നാട്ടിലേക്ക് വരുകയായിരുന്നു.
ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശ അനുസരണം കായംകുളം ഡിവൈ.എസ്.പി അജയ് നാഥിന്റെ മേല്‍നോട്ടത്തില്‍ കരിയിലക്കുളങ്ങര സി.ഐ എൻ. സുനീഷ്, എസ്.ഐ ബജിത്ത് ലാല്‍, എ.എസ്.ഐ പ്രദീപ്, ഉദ്യോഗസ്ഥരായ ദിവ്യ, സുഹൈല്‍, ഷമീര്‍, ഷാഫി, മണിക്കുട്ടന്‍, ഇയാസ്, ദീപക്, ഷാജഹാന്‍, അഖില്‍ മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.