കൊല്ലം :സ്വകാര്യ ആശുപത്രിയില്‍നിന്ന് മൃതദേഹം ആളുമാറി നല്‍കി. കൊണ്ടുപോയവർ അവരുടേതെന്നു കരുതി സംസ്കാരത്തിനൊരുങ്ങവേ, മിനിറ്റുകള്‍ക്കു മുൻപ് യഥാർഥ ബന്ധുക്കളെത്തി മൃതദേഹം തിരികെ വാങ്ങിക്കൊണ്ടുപോയി സംസ്കരിച്ചു.
കൊല്ലത്താണ് ശനിയാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കടപ്പാക്കട ലക്ഷ്മിനിവാസില്‍ ടി.എൻ.സുന്ദരേശനും (74) കാവനാട് കയ്യാഴത്തു തെക്കതില്‍ രവീന്ദ്രനും (83) വെള്ളിയാഴ്ചയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചു. ശനിയാഴ്ച സംസ്കരിക്കാനായിരുന്നു തീരുമാനം.കാവനാടുള്ള രവീന്ദ്രന്റെ വീട്ടുകാർ ആദ്യമെത്തി മൃതദേഹം വാങ്ങി വീട്ടിലെ കർമങ്ങള്‍ക്കുശേഷം മുളങ്കാടകത്തെ ശ്മശാനത്തില്‍ സംസ്കരിക്കാനൊരുങ്ങവേയാണ് സുന്ദരേശന്റെ ബന്ധുക്കള്‍ ശ്മശാനത്തിലെത്തി
അടയാളങ്ങള്‍ ബോധ്യപ്പെടുത്തി മൃതദേഹം വാങ്ങിക്കൊണ്ടുപോയത്. മോർച്ചറിയില്‍നിന്ന് മൃതദേഹങ്ങള്‍ ജീവനക്കാർ മാറിനല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.
രവീന്ദ്രന്റെ ബന്ധുക്കള്‍ എത്തിയപ്പോള്‍ സുന്ദരേശന്റെ മൃതദേഹമാണ് ആശുപത്രി അധികൃതർ തെറ്റി നല്‍കിയത്. പൊതിഞ്ഞു നല്‍കിയതിനാല്‍ ബന്ധുക്കള്‍ക്ക് ആളുമാറിയത് തിരിച്ചറിയാനായില്ല. പതിനൊന്നരയോടെ സുന്ദരേശന്റെ ബന്ധുക്കളും ആശുപത്രിയിലെത്തി.
പൊതിഞ്ഞുനല്‍കിയ മൃതദേഹത്തിന് വണ്ണം കൂടുതല്‍ തോന്നിയത് ബന്ധുകളില്‍ സംശയമുയർത്തി. 25 വർഷം മുൻപ് യന്ത്രത്തില്‍ കുടുങ്ങി സുന്ദരേശന്റെ ഇടതു കൈയുടെ ചൂണ്ടുവിരലടക്കം നാലു വിരലുകള്‍ക്ക് തകരാർ സംഭവിച്ചിരുന്നു. ഇത് കണ്ടെത്താനാകാതെ വന്നതോടെ മാറിവാങ്ങിയ മൃതദേഹം ആശുപത്രിയില്‍ തിരികെ കൊടുത്തശേഷം യഥാർഥ മൃതദേഹത്തിനായി തിരഞ്ഞു.
ആരാണ് സുന്ദരേശന്റെ മൃതദേഹം കൊണ്ടുപോയതെന്ന് ആദ്യം മനസ്സിലാക്കാനുമായില്ല. തുടർന്ന് വിവരമറിഞ്ഞ കൊല്ലം മുൻ മേയർ രാജേന്ദ്രബാബുവും അന്വേഷണം നടത്തി. പ്രായമുള്ള ഒരാളിന്റെ മൃതദേഹം സംസ്കരിക്കാൻ മുളങ്കാടകത്തു കൊണ്ടുവന്നെന്നറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ടേക്കു പോയി.
അവിടെയെത്തിയപ്പോള്‍ മൃതദേഹം വിട്ടുനല്‍കാതിരുന്നത് അല്പനേരം സംഘർഷത്തിനും ഇടയാക്കി. ഒടുവില്‍ അപകടത്തില്‍പ്പെട്ട സുന്ദരേശന്റെ കൈപ്പത്തി ചൂണ്ടിക്കാട്ടിയാണ് മൃതദേഹം മാറിയതായി ബോധ്യപ്പെടുത്തിയത്.
രവീന്ദ്രന്റെ മൃതദേഹം രണ്ടാമത് കർമങ്ങള്‍ നടത്തിയശേഷം രണ്ടുമണിയോടെ മുളങ്കാടകം ശ്മശാനത്തില്‍ സംസ്കരിച്ചു. പരേതയായ സുദർശനമണിയാണ് രവീന്ദ്രന്റെ ഭാര്യ. മക്കള്‍: മിനി, സിനി, വിനു. മരുമക്കള്‍: പ്രദീപ്, മോഹൻ, ചിപ്പി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
സുന്ദരേശന്റെ മൃതദേഹം ശനിയാഴ്ച രണ്ടുമണിയോടെ പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: കെ.ഗിരിജ. മക്കള്‍: സുരേഷ്ബാബു, സീമാസുന്ദർ. മരുമക്കള്‍: വി.എസ്.മഞ്ജു (ദുബായ്), പി.ഷാജി (ഫോർമാൻ, ഗവ. പോളിടെക്നിക് കോളേജ്, നെടുമങ്ങാട്). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.