ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതി തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്തു. പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ ചുമതല തിരിച്ചുനൽകുകയും ചെയ്തു. ലഖ്‌നൗവിൽ ചേർന്ന ബിഎസ്പി യോഗത്തിന് ശേഷമാണ് തീരുമാനം. ഇത് രണ്ടാം തവണയാണ് ആകാശ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്.
2023 ഡിസംബറിൽ ആകാശിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയിൽ തീരുമാനം മാറ്റുകയും ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തിൽ വ്യക്തമായ കാരണം വെളിപ്പെടുത്താതിരുന്ന മായാവതി രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം നൽകിയത്.
സമാജ്‌വാദി പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച മായാവതി 2019ൽ പാർട്ടി സംഘടന പുനഃക്രമീകരിച്ചപ്പോൾ ആകാശ് ആനന്ദിനെ ബിഎസ്പിയുടെ ദേശീയ കോർഡിനേറ്ററായി നിയമിക്കുകയായിരുന്നു. സംഘടന ദുർബലമായ സംസ്ഥാനങ്ങളിലെ പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരകരിൽ ഒരാളായിരുന്നു. പാർട്ടിയിൽ ആകാശിന്റെ സാന്നിധ്യവും 2022ൽ രാജസ്ഥാനിലെ അജ്മീറിൽ അദ്ദേഹം നടത്തിയ പദയാത്രയും പാർട്ടിക്ക് കരുത്ത് പകർന്നുവെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ 10 ലോക്‌സഭാ സീറ്റുകൾ നേടിയ മായാവതിയുടെ ബിഎസ്പിക്ക് 2024 ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻസാധിച്ചിരുന്നില്ല. മുൻ സഖ്യകക്ഷിയായിരുന്ന അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടി 37 ലോക്‌സഭാ സീറ്റുകൾ നേടി ഉത്തർപ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.