കണ്ണൂർ: തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസില്‍ (16346) വൻതിരക്കും സംഘർഷവും. ജനറല്‍ കോച്ചില്‍ കയറിപ്പറ്റാനാകാത്ത യാത്രക്കാർ റിസർവേഷൻ കോച്ചില്‍ കയറിയതാണ് പ്രശ്നത്തിന് കാരണം.
റിസർവ് കോച്ചിലെ യാത്രക്കാർ റെയില്‍ മദദ് ആപ്പില്‍ 25 പരാതികളാണ് അയച്ചത്. വണ്ടി ഷൊർണൂർ എത്തിയപ്പോഴാണ് വൻതിരക്ക് അനുഭവപ്പെട്ടതും റിസർവ് യാത്രക്കാർ ഇത്രയും പരാതി അയച്ചതും. സാധാരണ ടിക്കറ്റെടുത്തവർ റിസർവേഷൻ കോച്ചില്‍ കയറുന്നുവെന്നതാണ് പരാതി.ഇതേ തുടർന്ന് ഇനിമുതല്‍ ഷൊർണൂരില്‍ വണ്ടി പരിശോധിക്കാൻ ആർ.പി.എഫിന് നിർദേശം നല്‍കി. റിസർവ്ഡ് കോച്ചില്‍നിന്ന് മുഴുവൻ ജനറല്‍ ടിക്കറ്റുകാരെയും പുറത്താക്കാനാണ് നിർദേശം. കോഴിക്കോട് ആർ.പി.എഫും യാത്രക്കാരും തമ്മില്‍ ഉരസലുമുണ്ടായി.
അവസാന വണ്ടിയിലെ ഗുസ്തി
നേത്രാവതി എക്സ്പ്രസാണ് വൈകീട്ട് മംഗളൂരു ഭാഗത്തേക്കുള്ള അവസാന വണ്ടി. വൈകീട്ട് 5.15-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടും. 6.40-ന് കണ്ണൂരില്‍ എത്തും. ഇതുകഴിഞ്ഞാല്‍ കാസർകോട്ടേക്ക് പോകാൻ പുലർച്ചെ രണ്ടരയ്ക്ക് വരുന്ന ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനായി എട്ടുമണിക്കൂർ കണ്ണൂർ സ്റ്റേഷനില്‍ ഇരിക്കണം.
നേത്രാവതി എക്സ്പ്രസില്‍ രണ്ട് ജനറല്‍ കോച്ചാണുള്ളത്. അതില്‍ പകുതി കോച്ച് തപാലിന് വിട്ടുകൊടുത്തു. ബാക്കി ഒന്നര കോച്ചില്‍ കയറാൻ ഗുസ്തി അറിയണം. ഭൂരിഭാഗമാളുകളും പുറത്താകും.
കാസർകോട് ഭാഗത്തുനിന്ന് കോഴിക്കോട് ഉള്‍പ്പെടെ വരുന്ന നിത്യ ജോലിക്കാരുടെ മടക്കയാത്ര അതികഠിനമാണ്. ചുരുങ്ങിയത് രണ്ട് ജനറല്‍ കോച്ചുകളെങ്കിലും കൂട്ടണമെന്നും കാസർകോടുവരെ പകല്‍ സ്ലീപ്പർ ടിക്കറ്റ് നല്‍കണമെന്നും യാത്രക്കാരൻ സുരേഷ്കുമാർ കണ്ടങ്കാളി പറഞ്ഞു.
വേണ്ടത് മെമു
ഒന്നിച്ച് കുറെ തീവണ്ടികള്‍. പിന്നെ മണിക്കൂറുകളോളം ഒരൊറ്റ വണ്ടിയുമില്ല. കേരളത്തിന്റെ തെക്കും വടക്കും ഒരു പോലെ നേരിടുന്ന പ്രശ്നമാണിത്. ഇതിന് പരിഹാരമായി ആവശ്യപ്പെടുന്നത് കൂടുതല്‍ മെമു സർവീസാണ്.
ചെറുദൂര യാത്രക്ക് മെമു ഇലക്‌ട്രിക് ട്രെയിനുകളാണ് ഏറ്റവും ഉചിതമെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ അടക്കം പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ ആകെ 12 മെമു തീവണ്ടികള്‍ മാത്രമാണുള്ളത്. ഷൊർണൂരില്‍നിന്ന് കണ്ണൂരേക്ക് ഒന്നു മാത്രം. കണ്ണൂർ-മംഗളൂരു (132 കിലോമീറ്റർ) സെക്ഷനില്‍ ഒരു മെമു പോലും ഇല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.