ജിദ്ദ: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനക്ക് ആവശ്യമായ ആദ്യഘട്ട പണം ലഭ്യമായി.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ചർച്ചയ്ക്ക് നാല്‍പതിനായിരം ഡോളറാണ് ആവശ്യമുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവർ നിമിഷ പ്രിയയുടെ മോചനത്തിന് ആവശ്യമായ പണം സംഭാവനയായി നല്‍കി.
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം ഉള്‍പ്പെടുന്ന ഗോത്രവുമായി ചർച്ച നടത്തുന്നതിനാണ് പ്രാഥമിക ഘട്ടത്തില്‍ ഇത്രയും പണം ആവശ്യമുള്ളത്.
പണം സ്വീകരിക്കാൻ യെമനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
നാല്‍പതിനായിരം ഡോളർ സ്വീകരിക്കാനാണ് യെമനിലെ ഇന്ത്യൻ എംബസിയോട് വിദേശകാര്യ വകുപ്പ് നിർദ്ദേശിച്ചത്. റിയാദില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ ദയാധനം സ്വീകരിക്കാൻ നേരത്തെ സൗദിയിലെ ഇന്ത്യൻ എംബസിക്കും അധികാരം നല്‍കിയിരുന്നു.
എംബസി വഴി കൈമാറിയ തുകയാണ് റഹീമിന്റെ മോചനത്തിന് വേണ്ടി സൗദി കോടതിയില്‍ എത്തിച്ചത്. സമാനമായ നടപടിക്രമങ്ങളാണ് നിമിഷ പ്രിയയുടെ കാര്യത്തിലും നടക്കുന്നത്.
ദയാധനം സംബന്ധിച്ച കൂടിയാലോചന പ്രക്രിയയ്ക്കായി, ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളർ കൈമാറാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി വിദേശകാര്യമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇതു പരിഗണിച്ചായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. വിദേശകാര്യമന്ത്രാലയത്തിന്റെ ഡല്‍ഹിയിലെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ച ശേഷം യെമനിലെ സൻആയിലുള്ള ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറും.
പിന്നീട് എംബസി നിയോഗിക്കുന്ന അഭിഭാഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക ട്രാൻസ്ഫർ ചെയ്യാനാണ് നീക്കം.
നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട ശിക്ഷാനടപടികള്‍ യെമൻ കോടതി കഴിഞ്ഞ മാസം താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ ഇടപെടലിനെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടല്‍.
നിമിഷ പ്രിയയെ കാണുന്നതിനായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി കഴിഞ്ഞ ഏപ്രില്‍ 23ന് യെമനില്‍ എത്തിയിരുന്നു. പിറ്റേദിവസം നിമിഷ പ്രിയയെ സന്ദർശിക്കുകയും ചെയ്തു. ഇവരുടെ വീസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം പുതുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.