തിരുവനന്തപുരം: തന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണത്തിൽ മറുപടിയുമായി മന്ത്രി വീണാ ജോർജ്.
താൻ എംഎൽഎ ആകുന്നതിന് ഏറെ വർഷങ്ങൾക്ക് മുൻപുണ്ടായിരുന്നതാണ് കൊടുമണ്ണിലെ 22.5 സെന്റ് സ്ഥലം എന്നാണ് മന്ത്രി പറഞ്ഞത്. താൻ മന്ത്രിയാകുന്നതിന് മുൻപ് റോഡ് നിർമാണത്തിനുള്ള ധനാനുമതി നൽകിയതാണ്.കിഫ്ബി നിശ്ചയിച്ച അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകൾ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേൾക്കാൻ തയ്യാറായില്ല.
തന്നെയും ഭർത്താവിനേയും മനപൂർവം അപമാനിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും വീണ ജോർജ് പറഞ്ഞു.
വീണ ജോർജിന്റെ കുറിപ്പ് വായിക്കാം
ചില മാധ്യമങ്ങളും ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും എനിക്കും കുടുംബത്തിനും എതിരെ ഇന്നലെ വൈകുന്നേരം മുതൽ നടത്തുന്ന വാസ്തവ വിരുദ്ധവും അപകീർത്തികരവുമായ അസത്യ പ്രചരണത്തെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്.
പിഡബ്ല്യുഡിയുടെ അലൈൻമെന്റ് എന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇടപെട്ട് മാറ്റം വരുത്തി എന്ന തീർത്തും അസത്യമായ കാര്യം പ്രചരിപ്പിച്ചാണ് ആക്ഷേപിക്കുന്നത്. ഇന്ന് ഒരു ദിനപത്രം ഹെഡ്ലൈനായി കൊടുത്തത് 'മന്ത്രിയുടെ ഭർത്താവിന് വേണ്ടി ഓടയുടെ ഗതി മാറ്റി: തടഞ്ഞ് കോൺഗ്രസ്.' എന്നാണ്.
എത്ര അസന്നിഗ്ദ്ധമായാണ് ഈ മാധ്യമം കള്ളം എഴുതി വച്ചിരിക്കുന്നത്. എന്റെ ഭർത്താവിന് ഞാൻ എംഎൽഎ ആകുന്നതിന് എത്രയോ വർഷം മുമ്പ് ഉണ്ടായിരുന്നതാണ് കൊടു മണ്ണിലെ 22.5 സെൻറ് സ്ഥലം. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബിഎം ആൻ്റ് ബിസി ടാറിങ്ങിനായുള്ള നിർമ്മാണ പ്രവർത്തിയും നടക്കുകയാണ്.
2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമ്മാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. അതായത് ഞാൻ മന്ത്രിയാകുന്നതിന് മുമ്പേതന്നെ.
ഇനി ഈ പറയുന്ന ഭാഗത്ത് റോഡിൻെറ വീതി അളന്നു നോക്കിയാൽ 17 മീറ്ററാണ് എന്ന് കാണാൻ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിർമ്മാണം നടക്കുന്നത് കിഫ്ബി 2020 ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ KRFB നിശ്ചയിച്ച അലൈൻമെൻ്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇവിടെയാണ് ഇന്നലെ കോൺഗ്രസുകാർ കൊടി കുത്തിയത്.
കിഫ്ബി നിശ്ചയിച്ച അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകൾ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേൾക്കാൻ തയ്യാറായില്ല എന്നാണ് അറിഞ്ഞത്.
അലൈൻമെൻ്റിൽ ഒരു തരത്തിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കൃത്യമായ രേഖകളോടെ (റവന്യൂ, പിഡബ്ല്യുഡി) ഔദ്യോഗികമായി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള വസ്തുവായതിനാലും ഒരടി പോലും പുറംപോക്ക് ഈ വസ്തുവിൽ ഇല്ല എന്നതിനാലും, അലൈൻമെൻ്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല എന്നിരിക്കെ അലൈൻമെന്റ് മാറ്റി എന്ന് അപകീർത്തിപ്പെടുത്തി അപമാനിച്ചതിനാലും മാനനഷ്ട കേസ് നൽകാനാണ് തീരുമാനം.
ഈ റോഡിനോട് ചേർന്ന് എതിർവശത്തുള്ള കോൺഗ്രസ് ഓഫീസ് പുറമ്പോക്കിലാണ് ഉള്ളത്. അവിടെ രേഖകളിൽ വീതി 23.5 മീറ്റർ ആണ്. എന്നാൽ അളന്നു നോക്കിയാൽ 14 മീറ്റർ മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.