കുവൈറ്റ് സിറ്റി: മംഗഫില്‍ ആറുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. രാവിലെയാണ് ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ ദുരന്തത്തില്‍ ജീവന് നഷ്ടമായവര്‍ അന്‍പതായി. മരിച്ചത് ഭാരതീയനെന്നാണു വിവരം. മൃതദേഹം ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരും.
കെട്ടിടത്തിലെ സെക്യൂരിറ്റി ക്യാബിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തമുണ്ടാക്കിയതെന്ന് അഗ്നിരക്ഷാ സേനയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗ്യാസ് സിലിണ്ടറിനു ചോര്‍ച്ചയുണ്ടായിരുന്നത് വലിയ അപകടത്തിനു കാരണമായെന്നും കുവൈറ്റ് ഫയര്‍ഫോഴ്സിന്റ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പുലര്‍ച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയത്. കൃത്യം അഞ്ചു മിനിറ്റില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് മൂന്നു പേരെ നരഹത്യ ആരോപിച്ച് അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് സര്‍വീസ് പ്രകാരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അശ്രദ്ധ കാണിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരു കുവൈറ്റ് പൗരനും രണ്ടു വിദേശികളുമാണ് അറസ്റ്റിലായത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ തൊഴിലാളികളും മറ്റും താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍-സബാഹ് പരിശോധന കാമ്ബയിനു നേതൃത്വം നല്കി. നിയമ ലംഘനം അറിയിക്കാന്‍ ഹോട്ട്ലൈന്‍ തുടങ്ങുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി അറിയിച്ചു.
അല്‍-മംഗഫ്, അല്‍-മഹ്ബൂല, ഖൈത്താന്‍, ജിലീബ് അല്‍-ഷുയൂഖ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് ഫയര്‍ഫോഴ്സ്, വൈദ്യുതി, ജല മന്ത്രാലയം, മാനവശേഷിക്കായുള്ള പബ്ലിക് അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കാളികളായി.
ഉപയോഗിച്ച് ഒഴിവാക്കിയ വസ്തുക്കള്‍ കെട്ടിടങ്ങളുടെ ബേസ്മെന്റിലോ പരിസരങ്ങളിലോ സൂക്ഷിച്ചാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്കി.
വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍പ്പെടെയുള്ളവയാണ് ഉണ്ടാകുക. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പത്തു മാസത്തിനിടെ ക്രമക്കേടു കണ്ടെത്തിയ 568 കെട്ടിടങ്ങളിലെ ബേസ്മെന്റുകള്‍ അടച്ചുപൂട്ടിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.
189 ബേസ്മെന്റുകളില്‍ അനധികൃതമായി സൂക്ഷിച്ച സാധനങ്ങള്‍ നീക്കി. അനധികൃതമായി താമസിപ്പിച്ചവരെ ഒഴിപ്പിച്ചു. ഇതോടൊപ്പം അപകടത്തില്‍പ്പെട്ടവര്‍ക്കായി ധനസമാഹരണത്തിന് ചാരിറ്റി സൊസൈറ്റികള്‍ക്ക് സമൂഹ്യകാര്യ വകുപ്പ് അനുമതിയേകി.
അപകടത്തില്‍ മരിച്ച എല്ലാ തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്പിനി അറിയിച്ചിരുന്നു. കുടുംബങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും ആശ്രിതര്‍ക്കു ജോലി നല്‍കുമെന്നും കമ്പിനി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.