കോഴിക്കോട്: നരിക്കുനിയില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ സ്ത്രീ ഉൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കോത്ത് വലിയപറമ്പ് മാട്ടുലായിമ്മൽ മുർഷിദ്, ആവിലോറ കരണിക്കല്ല് മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിലുമ്മാരം അമ്പായക്കുന്നുമ്മൽ മുഹമ്മദ് ഇയാസ്, മണ്ണാർക്കാട് സ്വദേശിനി സുഹൈല ഹുസ്ന എന്നിവരാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.
ഈ മാസം 20നാണ് നരിക്കുനി ടൗണിലെ മൊബൈൽ സ്ഥാപനത്തിൽ ട്രാൻസ്ഫർ ചെയ്യാനായി ഏല്പിച്ച തുകയിൽ കള്ളനോട്ട് കണ്ടെത്തിയത്. കടയിൽ എത്തിയ മുർഷിദ് പതിനയ്യായിരം രൂപ യാസിൻ ഹുസൈൻ എന്ന ആളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ടു. അഞ്ഞൂറിന്റെ മുപ്പത് നോട്ടുകളാണ് നൽകിയത്.അടുത്ത ദിവസം പണം ഡെപ്പോസിറ്റ് മെഷിനിൽ ഇട്ടപ്പോഴാണ് ഇതില്‍ 14 നോട്ടുകൾ വ്യാജമാണെന്ന് മനസിലായത്. തനിക്ക് നൽകിയ ഫോൺ നമ്പറിൽ കടയുടമ ബന്ധപ്പെട്ടപ്പോൾ ഏഴായിരം രൂപ ഗൂഗിൾ പേയിൽ അയച്ചുകൊടുത്തു.
നോട്ടുകൾ തിരിച്ചുവാങ്ങാനായി രണ്ട് വിദ്യാർത്ഥികളാണ് ശനിയാഴ്ച കടയിൽ എത്തിയത്. ഇതിന് പിന്നിൽ വൻ കള്ളനോട്ട് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന സംശയത്തെ തുടർന്ന് കടയുടമ റഈസ് വിവരം കൊടുവള്ളി പൊലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവിധ ജില്ലകളിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനായി പൊലീസ് അയൽ സംസ്ഥാനങ്ങളിലുൾപ്പെടെ അന്വേഷണം നടത്തി വരികയാണ്.
കണ്ണൂർ ഐജി തോംസൺ ജോസിന്റെയും റൂറൽ എസ്പി വിനോദ് കുമാറിന്റെയും മേൽനോട്ടത്തിൽ താമരശ്ശേരി ഡിവൈഎസ് പി വിനോദ്കുമാർ, കൊടുവള്ളി ഇൻസ്പെക്ടർ സി ഷാജു താമരശ്ശേരി ഇൻസ്പെക്ടർ പ്രമോദ്, പ്രിൻസിപ്പൽ എസ്ഐ ജിയോ സദാനന്ദൻ, അഡീഷണൽ എസ്ഐ എം സുഭാഷ്, എഎസ്ഐ മാരായ കെ ശ്രീജിത്ത്,
ഇജിത, എം കെ ലിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, കെ അനൂപ്, ബിജു പൂക്കാട്ട്, എൻ എം ജയരാജൻ, ജിനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.