ന്യൂഡൽഹി: ശനിയാഴ്ച ചേർന്ന വിപുലീകൃത കോൺഗ്രസ് പ്രവർത്തകസമിതി യോഗം രാഹുൽഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ദിഗ്വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി.
ഭാരത് ജോഡാ യാത്രകളിലൂടെ പാർട്ടിയെ പുനരുജ്ജീവനപാതയിലെത്തിച്ച രാഹുൽതന്നെ പ്രതിപക്ഷനേതാവാകണമെന്ന് പ്രസംഗങ്ങളിൽ നേതാക്കളെല്ലാം ആവർത്തിച്ചു. പ്രമേയത്തെ എതിർത്തില്ലെങ്കിലും തീരുമാനം ആലോചിച്ച് പറയാമെന്ന നിലപാടിലാണ് രാഹുൽ.കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സോണിയാഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കൂടിയാലോചിച്ചാണ് കോൺഗ്രസിലെ രീതിപ്രകാരം പ്രതിപക്ഷനേതാവിനെ നാമനിർദേശം ചെയ്യുക.
രാഹുൽ സ്ഥാനമേറ്റെടുക്കുമെന്നു തന്നെയാണിപ്പോഴത്തെ സൂചനകളെല്ലാം. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാവും.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനും സാമൂഹിക-സാമ്പത്തിക നീതി വർധിപ്പിക്കുന്നതിനും വോട്ടുചെയ്ത ഇന്ത്യയിലെ ജനങ്ങളെ പ്രവർത്തകസമിതി പ്രമേയത്തിലൂടെ അഭിനന്ദിച്ചു. കോൺഗ്രസിനെ പുനരുജ്ജീവനപാതയിൽ ഉറപ്പിച്ചതിന് നന്ദിയും പറഞ്ഞു.
തന്റെപേരിൽ ജനവിധിതേടുകയും നുണകളും മുൻവിധികളും ഭിന്നിപ്പും തീവ്രമതാന്ധതയും കാട്ടി പ്രചാരണം നടത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനവിധി കേവലം രാഷ്ട്രീയനഷ്ടം മാത്രമല്ല, വ്യക്തിപരമായും ധാർമികവുമായുള്ള പരാജയമാണെന്നും പ്രമേയത്തിൽ പറഞ്ഞു.
തളർച്ചയില്ലാതെ പ്രചാരണം നയിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നിർദേശങ്ങളും ഉപദേശങ്ങളുമായി എപ്പോഴും കൈയകലത്തുനിന്ന സോണിയാഗാന്ധി, അമേഠിയിലും റായ്ബറേലിയിലും പ്രചാരണത്തിന് ചുക്കാൻപിടിച്ച പ്രിയങ്കാഗാന്ധി, ഭാരത് ജോഡോ യാത്രയിലൂടെയും റാലികളിലൂടെയും കോൺഗ്രസിന്റെ ആത്മവീര്യം ഉയർത്തിയ രാഹുൽഗാന്ധി എന്നിവരെ പ്രമേയത്തിൽ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു.
സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ, മികച്ച തിരഞ്ഞെടുപ്പ് വാർ റൂം ഒരുക്കി പ്രചാരണത്തിന് എല്ലാ പിന്തുണയും നൽകിയതിന് കേരളത്തിൽനിന്ന് പ്രസംഗിച്ച കൊടിക്കുന്നിൽ സുരേഷടക്കമുള്ള നേതാക്കളും അഭിനന്ദിച്ചു.
പ്രവർത്തകസമിതി അംഗങ്ങളും പി.സി.സി. അധ്യക്ഷന്മാരും പാർലമെന്ററി പാർട്ടി നേതാക്കളുമടങ്ങുന്ന 32 പേർ യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽനിന്ന് കെ. സുധാകരൻ, വി.ഡി. സതീശൻ, ശശി തരൂർ എന്നിവരും സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.