കോട്ടയം :ആഗോളതലത്തിൽ വൻ സ്വീകാര്യത സ്വന്തമാക്കി കുതിക്കുന്ന 'ഹാംസ്റ്റർ കോംബാറ്റ്' എന്ന ക്രിപ്റ്റോകറൻസി ഓൺലൈൻ ഗെയിം കേരളത്തിലും തരംഗമാകുന്നു.
സംസ്ഥാനത്തെ നിരവധി കുട്ടികളും യുവാക്കളും ഏതാണ്ട് മുഴുവൻ സമയവും ഈ 'എലിക്ക്' പിന്നാലെ പായുകയാണ്. ഒരു രൂപ പോലും നിക്ഷേപം നടത്താതെ, പണം വൻതോതിൽ വാരാമെന്ന വാഗ്ദാനമാണ് പലരെയും ഏറെ ലളിതമായ ഈ ഗെയിമിലേക്ക് ആകർഷിക്കുന്നത്.ഇക്കഴിഞ്ഞ മാർച്ചിൽ അവതരിപ്പിക്കപ്പെട്ട ഹാംസ്റ്റർ കോംബാറ്റ് ഗെയിം ഇതിനകം ലോകമെമ്പാടുമായി കളിക്കുന്നത് 200 മില്യണിലധികം പേരാണ്; അതായത് 20 കോടിയിലേറെ പേർ.
എന്താണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിം?
ബ്ലോക്ക്ചെയിനുകൾ ഉപയോഗിച്ച് നിർമിക്കുന്ന ഡിജിറ്റൽ നാണയങ്ങളാണല്ലോ ക്രിപ്റ്റോകറൻസികൾ. ഇത്തരമൊരു ക്രിപ്റ്റോകറൻസിയാണ് ഹാംസ്റ്റർ കോംബാറ്റ്. ടെലഗ്രാമിലും എക്സ് (ട്വിറ്റർ) അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലുമാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിം കളിക്കുന്നർ; കൂടുതൽ പ്രചാരം ടെലഗ്രാമിലാണ്. റഷ്യയിലാണ് ആരാധകർ ഏറെയുള്ളത്.
മുതൽമുടക്കൊന്നുമില്ലാതെ കളിക്കാമെന്നതാണ് മുഖ്യ ആകർഷണം. ഹാംസ്റ്റർ എന്നത് ഓമനമൃഗമായി വളർത്തുന്ന എലി വർഗത്തിൽപ്പെട്ട ഒരു ജീവിയാണ്. മൊബൈൽഫോണിലെ സ്ക്രീനിൽ ഹാംസ്റ്റർ പ്രത്യക്ഷപ്പെടുന്നതാണ് ഗെയിം. ഈ ഹാംസ്റ്ററിൽ എത്രത്തോളം 'ക്ലിക്ക്' ചെയ്യുന്നോ, അത്രത്തോളം ക്രിപ്റ്റോ കോയിനുകൾ ലഭിക്കും.
ക്ലിക്ക് ചെയ്ത് മാത്രമല്ല, ഹാംസ്റ്റർ മുന്നോട്ടുവയ്ക്കുന്ന ദൗത്യങ്ങൾ (ടാസ്കുകൾ) പൂർത്തിയാക്കിയും കാർഡുകൾ പർച്ചേസ് ചെയ്തും ക്രിപ്റ്റോ കോയിനുകൾ വാരിക്കൂട്ടാം. കളിക്കുന്നയാളുടെ വോലറ്റിൽ അഥവാ 'പ്രോഫിറ്റ് പെർ അവർ' എന്ന ഡിജിറ്റൽ പേഴ്സിലാണ് കോയിനുകൾ ചേർക്കപ്പെടുക.
നിലവിൽ ഹാംസ്റ്റർ (HMSTR) എന്ന ക്രിപ്റ്റോകറൻസിക്ക് മൂല്യമൊന്നുമില്ല. എന്നാൽ, അടുത്തമാസം (ജൂലൈ) HMSTR ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് (ടോക്കൺ ജനറേഷൻ ഇവന്‍റ്/TGE) ചെയ്യുമെന്നാണ് കമ്പനിയുടെ വെബ്സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
അതിനകം ഗെയിം കളിച്ച് വോലറ്റിൽ കോയിനുകൾ വാരിക്കൂട്ടിയവർ കാത്തിരിക്കുന്നതും ആ ദിവസത്തിന് വേണ്ടിയാണ്. കാരണം, ലിസ്റ്റ് ചെയ്യുന്നതിന് മുമ്പായി ഒരു 'എയർഡ്രോപ്പ്' (Airdrop) ഉണ്ടാകും. അതായത്, ക്രിപ്റ്റോകറൻസികൾ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് അല്ലെങ്കിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് അവയെ ഗെയിം കളിച്ചും (മൈനിംഗ്) മറ്റും പ്രചാരം നൽകിയവർക്ക് നൽകുന്ന സമ്മാനമോ ആനുകൂല്യമോ ആണ് എയർഡ്രോപ്പ്.
വോലറ്റിൽ എത്രത്തോളം കോയിനുകൾ ഗെയിം കളിച്ചും മറ്റും വാരിക്കൂട്ടിയിട്ടുണ്ടോ, അവയ്ക്ക് കോയിൻ ലിസ്റ്റ് ചെയ്യുന്ന വേളയിൽ ഒരു മൂല്യം ലഭിക്കും. അതായത്, ആ ക്രിപ്റ്റോകറൻസികൾ പിന്നീട് രൂപയിലേക്ക് ഡോളറിലേക്കോ യഥാർഥ പണമാക്കി മാറ്റാം.
ഒരു ചെലവുമില്ലാതെ കൈയിൽ വൻതോതിൽ പണമെത്തുമെന്ന സ്വപ്നവുമായാണ് കേരളത്തിലെ കുട്ടികളും യുവാക്കളും ഈ ഗെയിമിന് പിന്നാലെ പായുന്നത്. ഗെയിം മറ്റുള്ളവർക്ക് അയച്ചുകൊടുത്തും (റഫർ) ചെയ്തും കോയിനുകൾ നേടാം.
ശരിക്കും പണം കിട്ടുമോ?
20 കോടിയിലധികം പേർ ആഗോളതലത്തിൽ ഹാംസ്റ്റർ കോംബാറ്റ് ഗെയിം കളിക്കുകയും കോയിനുകൾ വാരിനിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവർക്ക് പുറമേ കോയിൻ പുറത്തിറക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവർ (ഡെവലപ്പർമാർ), എക്സ്ചേഞ്ചുകൾ, മറ്റ് പാർട്ണർഷിപ്പ് കമ്പനികൾ തുടങ്ങിയവരുമുണ്ട്.
ഇവർക്കെല്ലാം എയർഡ്രോപ്പ് ആനുകൂല്യം കൊടുക്കണമെങ്കിൽ നിലവിൽ 2,000 കോടിയോളം രൂപ വേണ്ടിവരും. അതായത് 2,000 കോടിയോളം രൂപ കമ്പനി സമ്മാനമായി മാത്രം വിതരണം ചെയ്യണം. ഇത് നടക്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.