മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തില്‍ ശനിയാഴ്ച രാത്രി മരിച്ച പുല്ലുവഴി സ്വദേശി ശബരി ബാലി (40) ന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി പോലീസ്.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചല്‍പ്പെട്ടി ആനിത്തൊട്ടിയില്‍ ദീപു വര്‍ഗീസ് (30), തോട്ടഞ്ചേരി മുന്തരിങ്ങാട്ട് ആഷിന് ഷിബി (19), തോട്ടഞ്ചേരി കാനാക്കുന്നേല്‍ ടോജി തോമസ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കച്ചേരിത്താഴത്ത് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ശബരി ബാല്‍ ആക്രമിക്കപ്പെട്ടത്. കുഴഞ്ഞുവീണു മരിച്ചെന്ന നിലയിലാണ് പോലീസ് ആദ്യം സംഭവത്തെ കണ്ടത്. കച്ചേരിത്താഴത്തെ ബാര്‍ ഹോട്ടലിനു മുന്നില്‍ വീണ ഇയാളെ കുറച്ചുപേര്‍ ചേര്‍ന്ന് എടുത്തുകൊണ്ടുപോകുന്ന സി.സി. ടി.വി. ദൃശ്യങ്ങളും ലഭിച്ചിരുന്നു.
ഹോട്ടലില്‍ അടിപിടിയുണ്ടായതായി കണ്ടെത്തിയുമില്ല. ആശുപത്രിയിലെത്തും മുന്‍പ് ശബരി ബാല്‍ മരിച്ചു.പോലീസ് സര്ജന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കുപിന്നില്‍ ശക്തമായ ക്ഷതമേറ്റതായി കണ്ടെത്തിയതോടെ പോലീസ് വിശദാന്വേഷണം തുടങ്ങി.
ഹോട്ടല്‍ ഗെയ്റ്റിനു വെളിയില്‍ തര്‍ക്കമുണ്ടായതായും ശബരി അടിയേറ്റ് വീണതാണെന്നും കണ്ടെത്തി. അടിച്ച സംഘത്തിലുണ്ടായിരുന്നവരുള്‍പ്പെടെയാണ് ശബരിയെ ആശുപത്രിയിലെത്തിച്ചതെന്നും വ്യക്തമായി. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും തൊഴിലാളികളില്‍നിന്നും പോലീസ് മൊഴിയെടുത്തു.
ഹോട്ടലിനു മുന്നിലെ വീടിന്റെ ഗെയ്റ്റിനു മുന്നില്‍ ബിയര്‍ കുപ്പി പൊട്ടിക്കിടന്നതും കണ്ടെത്തി. തുടര്‍ന്ന് ഞായറാഴ്ച രാത്രിതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് അടിയിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.