യുകെ : ജോലിക്കെത്തി രണ്ടാഴ്ചയ്ക്കിടയില്‍ പീഡന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കയറിയ മലയാളി യുവാവിന് 13 വര്‍ഷത്തെ ജയില്‍ വാസം ഉറപ്പാക്കി ലിവര്‍പൂള്‍ കോടതിയുടെ ഉത്തരവ്.
ഇക്കഴിഞ്ഞ ജനുവരി 30 നു നടന്ന സംഭവത്തെ തുടര്‍ന്ന് സ്റ്റുഡന്റ് വിസക്കാരിയുടെ ആശ്രിത വിസയില്‍ ഉള്ള സിദ്ധാര്‍ഥ് നായര്‍ എന്ന 29കാരനാണ് കുറ്റക്കാരന്‍ ആയി കോടതി കണ്ടെത്തിയിരിക്കുന്നത്.റിമാന്റില്‍ കഴിയുന്ന വേളയില്‍ കോടതിയില്‍ വീഡിയോ കോള്‍ വഴി ഹാജരാക്കിയ ഘട്ടത്തിലും താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നാണ് യുവാവ് വെളിപ്പെടുത്തിയത്. കുറ്റം ചെയ്തിട്ടും അത് മറച്ചു വയ്ക്കാന്‍ ശ്രമിച്ചു എന്ന കാരണത്താലാകാം ജയില്‍ ശിക്ഷയുടെ അളവ് കൂടിയതെന്നു കരുതപ്പെടുന്നു.
തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ അടക്കമുള്ളവരോട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ആവര്‍ത്തിക്കുക ആയിരുന്നു യുവാവ്. ജോലിക്കെത്തി രണ്ടാഴ്ചയ്ക്കകം ഇത്തരമൊരു കേസില്‍ അകപ്പെടുന്നത് അപൂര്‍വം ആയതിനാല്‍ ഒന്നുകില്‍ പെരുമാറ്റ രീതിയിലെ ധാരണ ഇല്ലായ്മകൊണ്ടോ മറ്റോ സംഭവിച്ചതാകും എന്ന ചിന്തകള്‍ ഒക്കെ അട്ടിമറിക്കുന്നതാണ് കോടതി വിധി.
സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളോടെയാകണം പോലീസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി തെളിവുകള്‍ കോടതിക്ക് നല്കിയിരിക്കുക. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പ്രതിയെ 13 വര്‍ഷം ജയിലില്‍ അടച്ചത്.
സ്റ്റുഡന്റ് വിസയില്‍ എത്തിയ ഇയാളുടെ പത്നി പഠനത്തിനിടയിലും ഭര്‍ത്താവിനെ ജയിലില്‍ നിന്നും രക്ഷിക്കാന്‍ ഏറെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വിരാള്‍ പ്രദേശത്തെയും ലിവര്‍പൂളിലെയും മലയാളി സംഘടനകള്‍ സിദ്ധാര്‍ഥിന്റെ ഭാര്യയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിഫലമാകുക ആയിരുന്നു.
തുടര്‍ന്ന് അഞ്ചു മാസത്തിലേറെ ജയിലില്‍ കിടന്ന ശേഷമാണു വിചാരണക്കോടതി വിധി പ്രസ്താവിക്കുന്നത്. ആശുപത്രിയില്‍ രോഗിയായിരുന്ന യുവതിയുടെ നേര്‍ക്കാണ് മലയാളി യുവാവിന്റെ കടന്നാക്രമണം ഉണ്ടായതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാഴ്ചയിലും പെരുമാറ്റത്തിലും സൗമ്യതയും പ്രകടിപ്പിച്ചിരുന്ന യുവാവാണോ ഇതൊക്കെ ചെയ്തതെന്ന നെഗറ്റീവ് കമന്റുകളാണ് സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസിന് ലഭിച്ചത്.
താരതമ്യേനേ പുതുമുഖമായ യുവാവിനെ സഹപ്രവര്‍ത്തകരില്‍ വലിയ ആത്മബന്ധം ഇല്ലാതെ പോയതും കോടതിയില്‍ ഹാജരാക്കാനുള്ള രേഖകളില്‍ സിദ്ധാര്‍ത്ഥിന് എതിരായ പരാമര്‍ശങ്ങള്‍ കൂട്ടി ചേര്‍ക്കപ്പെടാനും സാധ്യത ഏറെയാണ്.
സിദ്ധാര്‍ഥിന്റെ അതിക്രമത്തിന് വിധേയയായ സ്ത്രീ ഏറെനാളത്തെ റീഹാബിലിറ്റേഷന്‍ കോഴ്സില്‍ അടക്കം പങ്കെടുത്ത ശേഷമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തൂ. ഒരു ജീവിതകാലം മുഴുവന്‍ കാത്തുവയ്ക്കാനുള്ള ദുരിതപൂര്‍ണമായ ഓര്‍മ്മകളാണ് വിസ്റ്റണ്‍ ആശുപത്രിയില്‍ കഴിയവേ സിദ്ധാര്‍ഥ് സമ്മാനിച്ചതെന്നു ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ യോസഫ് അല്‍ റമദാന് വ്യക്തമാക്കി.
സംഭവമറിഞ്ഞ ഉടന്‍ സിദ്ധാര്‍ത്ഥിന്റെ അറസ്റ്റ് രേഖപ്പെടുത്താനായതും തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതും കേസില്‍ നിര്‍ണായകമായി എന്ന് മെഴ്സിസൈഡ് പോലീസ് പറയുന്നു. കോടതി വിധിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും ഇപ്പോള്‍ മാധ്യമ ലോകത്തിനു ലഭ്യമായിട്ടില്ല.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.