ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാണയില്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തിയതിന് പിന്നാലെ തിരിച്ചടിയായി പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറനീക്കി പുറത്തേക്ക്.
മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ കിരണ്‍ ചൗധരിയും മകളും മുന്‍ എംപിയുമായ ശ്രുതി ചൗധരിയും ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയ ഹരിയാണ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്കെത്തിയിരിക്കുന്നത്.
എംപിയും മുന്‍ പിസിസി അധ്യക്ഷയുമായ കുമാരി സെല്‍ജ കിരണ്‍ ചൗധരിയെ അനുകൂലിച്ച് രംഗത്തെത്തുകയുംചെയ്തതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കൂടുതല്‍ തലവേദന ഉറപ്പായി.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഢയ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയാണ് കിരണ്‍ ചൗധരിയും മകളും പാര്‍ട്ടിവിട്ടത്. 'ഞാന്‍ കോണ്‍ഗ്രസിന്റെ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകയായിരുന്നു. എന്റെ ജീവിതം കോണ്‍ഗ്രസിനായി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഹരിയാന കോണ്‍ഗ്രസ് ഒരു വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയായി മാറുന്നത് ഞാന്‍ കണ്ടു. ഈ നയവുമായി മുന്നോട്ടുപോയാല്‍ ഹരിയാണയില്‍ കോണ്‍ഗ്രസിന് പുരോഗതിവരിക്കാനാകില്ല.കുറേ നേതാക്കള്‍ ഈ നിലപാട് കാരണം പാര്‍ട്ടിവിട്ടു. തന്റെ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്', ബിജെപിയില്‍ ചേര്‍ന്നശേഷം കിരണ്‍ ചൗധരി പ്രതികരിച്ചു.
ഹരിയാണ മുന്‍ മുഖ്യമന്ത്രി ബന്‍സി ലാലിന്റെ മരുമകളാണ് തോഷാമിലെ സിറ്റിങ് എംഎല്‍എയായ കിരണ്‍ ചൗധരി. മകള്‍ ശ്രുതി ചൗധരി ഹരിയാണ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമായിരുന്നു. ഭിവാനി മഹേന്ദ്രഗഡ് ലോക്സഭാ സീറ്റ് ഇത്തവണ ശ്രുതിക്ക് നിഷേധിച്ചതാണ് കിരണ്‍ ചൗധരി കോണ്‍ഗ്രസ് വിടാന്‍ കാരണമെന്നാണ് വിവരം.
ഈ സീറ്റില്‍ 2009-ല്‍ ശ്രുതി വിജയിച്ചിരുന്നു. 2014-ല്‍ അവര്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2019-ല്‍ നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ശ്രുതി പരാജയപ്പെട്ടത്. ഇത്തവണ സീറ്റ് ശ്രുതിക്ക് നല്‍കിയിരുന്നില്ല. 2014 മുതല്‍ സിറ്റിങ് എംപിയായ ബിജെപിയുടെ ധരംബിര്‍ സിങിനെതിരെ ഇത്തവണ ധന്‍സിങ് യാദവിനെയാണ് കോണ്‍ഗ്രസ് നിറുത്തിയത്.
41510 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു.ഭൂപീന്ദര്‍ സിങ് ഹൂഢയുടെ അനുയായി ആണ് ധന്‍സിങ് യാദവ്. ഹരിയാണ കോണ്‍ഗ്രസില്‍ ഹൂഢ ഗ്രൂപ്പിനെതിരെ നില്ക്കുന്ന കുമാരി സെല്‍ജയുടെ പക്ഷത്തായിരുന്നു കിരണ്‍ ചൗധരി.
കിരണ്‍ ചൗധരി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് സിര്‍സ എംപി കൂടിയായ കുമാരി സെല്‍ജ അഭിപ്രായപ്പെട്ടത്. ഭിവാനി മഹേന്ദ്രഗഡ് ശ്രുതിയെ നിറുത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.
ഹരിയാണ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വളരെ വൈകിയാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായത്. എന്നാല്‍, 2019-നെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിയത്. 2019-ല്‍ ഒരു സീറ്റില്‍പോലും ജയിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന് ഇത്തവണ അഞ്ചു സീറ്റുകള്‍ നേടാനായിരുന്നു.
ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമായി തുടരുന്നുണ്ടെന്നാണ് കുമാരി സെല്‍ജയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.