കഴക്കൂട്ടം: നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫിസിനോടു ചേർന്ന കുളത്തൂർ മാർക്കറ്റിൽ ദുരൂഹ സാഹചര്യത്തിൽ 5 നാടൻ ബോംബ് കണ്ടെത്തി.
നാടിനെ ഏറെ നേരം ഭീതിയുടെ മുനയിൽ നിർത്തിയെങ്കിലും പരിശോധനയ്ക്കൊടുവിൽ അവയ്ക്കുള്ളിൽ വെടിമരുന്നില്ലെന്നു പൊലീസ് വെളിപ്പെടുത്തി. മാർക്കറ്റിൽ കച്ചവടം നടത്തുന്ന ആറ്റിൻകുഴി സ്വദേശിയായ വയോധിക രാവിലെ മാർക്കറ്റിൽ എത്തി സാധനങ്ങൾ നിരത്താൻ തുടങ്ങിയപ്പോഴാണ് പച്ചക്കറികളും മറ്റും നിറയ്ക്കുന്ന ട്രേയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എന്തോ ഇരിക്കുന്നതു കണ്ടത്.മാങ്ങയാണെന്നു കരുതി അമർത്തി നോക്കി.സംശയം തോന്നിയ വയോധിക മറ്റു കച്ചവടക്കാരുടെ സഹായത്തോടെ കവർ തുറന്നപ്പോഴാണ് നൂലു കൊണ്ടു പൊതിഞ്ഞു കെട്ടിയ നിലയിൽ നാടൻ ബോംബ് എന്നു സംശയിക്കുന്നവിധം 5 പൊതി കണ്ടത്. കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു.
പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. സുരക്ഷാ കരുതലുകളോടെ ബോംബ് നിർവീര്യമാക്കാൻ തുടങ്ങിയ ശേഷം വിശദമായി തുറന്നു പരിശോധിച്ചെങ്കിലും പൊതികളിൽ വെടിമരുന്നിന്റെ അംശം ഉണ്ടായിരുന്നില്ലെന്നു സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
കുളത്തൂർ മാർക്കറ്റിൽ നിന്നു നാടൻ ബോംബ് കണ്ടെത്തുന്നത് ഇതു രണ്ടാം തവണയാണ്. 2015 നവംബറിൽ പ്ലാസ്റ്റിക് കവറിനുള്ളിലാണ് പേപ്പറിൽ പൊതിഞ്ഞ 10 നാടൻ ബോംബുകൾ കണ്ടെത്തിയത്. അന്ന് ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ബോംബിന്റെ ഉറവിടം കണ്ടെത്താനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.