ന്യൂഡൽഹി :നെറ്റ്, നീറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ പേരിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യാസഖ്യം നിശിതമായി വിമർശിച്ചു.
കോൺഗ്രസ്, ഇടതു കക്ഷികളുടെ വിദ്യാർഥി സംഘടനകൾ സർക്കാരിനെതിരെ ഡൽഹിയിൽ തെരുവിലിറങ്ങി. നീറ്റ് ചോദ്യക്കടലാസ് ചോർച്ചയിൽ ആർജെഡി നേതാവ് തേജസ്വി യാദവിനു പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി തിരിച്ചടിച്ചു.തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ, വിഷയം കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയായുധമാക്കാനും പാർലമെന്റിൽ ഒറ്റക്കെട്ടായി ഉന്നയിക്കാനും പ്രതിപക്ഷനിര തീരുമാനിച്ചു.
മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ സമ്മേളനത്തിൽ ലോക്സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തിരഞ്ഞെടുപ്പുമാണു മുഖ്യഅജൻഡയെങ്കിലും പ്രതിപക്ഷനിര ഭരണപക്ഷത്തിനെതിരെ പോരിനിറങ്ങും.
പ്രതിപക്ഷത്തിന് ഇപ്പോൾ കൂടുതൽ കരുത്തുണ്ടെന്നും പാർലമെന്റ് സമ്മേളനം രസകരമായിരിക്കുമെന്നും വരാനിരിക്കുന്ന പോരിനെ സൂചിപ്പിച്ചു രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി സർക്കാരിനു മേൽ സമ്മർദം ചെലുത്തുമെന്നും കണ്ണിൽ പൊടിയിടുന്ന നടപടികളിലൂടെ വിവാദങ്ങളിൽനിന്നു തലയൂരാൻ ഭരണപക്ഷത്തെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാർ അധികാരത്തിലുള്ളിടത്തോളം കാലം ചോദ്യക്കടലാസുകൾ ചോരും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബിജെപിയും ആർഎസ്എസും പിടിച്ചടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അതിനു ചുക്കാൻ പിടിക്കുന്നത്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ അനുയായികളെയാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരായി നിയമിക്കുന്നത്.
മധ്യപ്രദേശിലെ വ്യാപം അഴിമതിക്കു സമാനമായ ക്രമക്കേടു രാജ്യത്തുടനീളം നടത്താനാണു ബിജെപിയുടെ ശ്രമം. അവരുടെ പരീക്ഷണശാലകളായ മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയാണ് ഈ ക്രമക്കേടുകളുടെ സിരാകേന്ദ്രം. വിദ്യാഭ്യാസം മാത്രമല്ല, സകല മേഖലകളും ബിജെപി കയ്യടക്കിയിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. തേജസ്വിക്ക് ബന്ധമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി
പട്ന ∙ നീറ്റ് ചോദ്യപേപ്പർ ചോർത്തൽ കേസ് പ്രതികളെ സഹായിച്ചത് ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. കേസിൽ അറസ്റ്റിലായ സിക്കന്തർ യാദവേന്ദു ധാനാപുർ നഗരസഭയിൽ ജൂനിയർ എൻജിനീയറാണ്.
സിക്കന്തറിന്റെ ബന്ധുവായ വിദ്യാർഥി അനുരാഗിനു വേണ്ടി പട്നയിൽ സർക്കാർ ഗെസ്റ്റ് ഹൗസിൽ മുറി ഏർപ്പെടുത്തിയത് പ്രീതം കുമാറാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാറിലെ ‘മന്ത്രി’ ഉൾപ്പെട്ടിരുന്നതായി വാർത്തകളുണ്ടായിരുന്നു.
ഗെസ്റ്റ് ഹൗസിലേക്ക് വിളിച്ച പ്രീതം കുമാർ ‘മന്ത്രി’ എന്നുദ്ദേശിച്ചതു തേജസ്വി യാദവിനെയാണെന്നും വിജയ് കുമാർ സിൻഹ ആരോപിച്ചു. മോദിയുടെ 56 ഇഞ്ച് 30–32 ആയി: രാഹുൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് പ്രതിപക്ഷനിര ചുരുക്കിയെന്നും ഇപ്പോൾ പരമാവധി 30– 32 ഇഞ്ച് മാത്രമേയുള്ളൂവെന്നും രാഹുൽ ഗാന്ധിയുടെ പരിഹാസം. ഭീതി വിതച്ചു ഭരിക്കാൻ ഇഷ്ടപ്പെടുന്ന മോദിയെ ജനങ്ങൾക്ക് ഇപ്പോൾ ഭയമില്ലാതായി. വാരാണസിയിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിനു നേരെ ചെരിപ്പേറുണ്ടായി.
തിരഞ്ഞെടുപ്പിനു മുൻപ് അങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലുമാകുമായിരുന്നോ? ‘ഞാൻ, എന്റെ വഴി’ എന്നതായിരുന്നു മോദിയുടെ രീതി. തിരഞ്ഞെടുപ്പു ഫലം അദ്ദേഹത്തെ മാനസികമായി തകർത്തു. ബിജെപിക്കുള്ളിലും മോദിക്കെതിരെ അമർഷം പുകയുന്നുണ്ട്– രാഹുൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.