കോഴിക്കോട്:രണ്ട് കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാമത്തെ ആളും പിടിയിലായി. പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നാണ് വെള്ളയിൽ പൊലീസ് പിടികൂടിയത്.
മേയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധയിൽ വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക ലഹരി മരുന്നുകൾ പിടികൂടിയിരുന്നു.പൊലീസ് പരിശോധയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ സൂക്ഷിച്ച 779 ഗ്രാം എംഡിഎംഎ, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80എൽ എസ്ഡി സ്റ്റാബുകൾ എന്നിവയും പിടിച്ചെടുത്തു.
ഓടി രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആദ്യ പ്രതി ഷൈൻ ഷാജിയെ കഴിഞ്ഞ ദിവസം ബംഗളൂരൂവിൽ നിന്നും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഇവർ രണ്ട് പേരും പൊലീസ് പിടികൂടാതിരിക്കാൻ ഗോവ, ഡൽഹി, ഹിമാചൽപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ മാത്രം ബന്ധപ്പെട്ടിരുന്ന ഇവരെ കുറിച്ച് ആർക്കും വ്യക്തമായ അറിവ് ഉണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുഴക്കി.
ഒടുവിൽ അതിവിദഗ്ദമായി ബംഗളൂരുവിൽ നിന്ന് ഷൈൻ ഷാജിയെയും കുമളിയിൽ നിന്ന് ആൽബിൻ സെബാസ്റ്റ്യനെയും പിടികൂടുകയായിരുന്നു. ഇവർ രണ്ട് പേരും കോഴിക്കോട് ഹോട്ടൽ മാനേജ്മെന്റ് പഠിക്കുമ്പോൾ സുഹൃത്തുക്കളായതാണ്. രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ജോലി ആവശ്യത്തിന് രണ്ട് പേരും അർമേനിയയിൽ പോയിരുന്നു.
4 മാസം അവിടെ നിന്ന ശേഷം വീട്ടുകാർ അറിയാതെ കോഴിക്കോട്ടേക്ക് തിരിച്ചു വന്ന് പുതിയങ്ങാടി ഭാഗത്ത് വാടക വീട് എടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തുകയായിരുന്നു. ഇവർ കോഴിക്കോട് സിറ്റിയിലെ ബീച്ച്, മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും യുവതികൾക്കും കോളജ് വിദ്യാർഥിക്കൾക്കും ലഹരിമരുന്ന് നൽകുന്ന മുഖ്യ കണ്ണികളാണ്.
അർമേനിയയിൽ മകൻ നല്ല നിലയിലെന്ന വിശ്വാസത്തിൽ രക്ഷിതാക്കൾ ഒരു വർഷം മുമ്പ് വീട്ടുകാരും കുടുംബക്കാരും ചേർന്ന് എയർപോട്ടിൽ നിന്നും അർമേനിയയിലേക്ക് യാത്രയാക്കിയ ആൽബിൻ നാട്ടിൽ എത്തിയ വിവരം വീട്ടുകാർ അറിഞ്ഞില്ല.
മകൻ അവിടെ ജോലി ചെയ്ത് നല്ല നിലയിൽ കഴിയുകയാണെന്നാണ് അവർ കരുതിയത്. മയക്കുമരുന്ന് കേസിൽ പൊലീസ് തിരഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മകൻ അർമേനിയയിൽ അല്ല കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തുകയാണെന്ന കാര്യം അറിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.