തിരുവനന്തപുരം: ഏറ്റവും എളുപ്പത്തില്‍ ജനങ്ങളെ പറ്റിക്കാനും തട്ടിപ്പ് നടത്താനും സാധിക്കുന്ന മേഖലയായി വിദേശ റിക്രൂട്ട്മെന്റ് മാറിക്കഴിഞ്ഞു. യുകെ,അയർലണ്ട്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ ഭ്രമമാണ് തട്ടിപ്പിന് വിത്തുപാകിയത്.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലെമ്പാടും ആയിരക്കണക്കിന് കേസുകളാണ് ഇത്തരത്തില്‍ ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ, 10 മാസം മുമ്പ് നല്കിയ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ റിക്രൂട്ടിങ് ഏജന്‍സി ഉടമയെ പിടികൂടിയിരിക്കുകയാണ് തൊടുപുഴ പൊലീസ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇരുനൂറോളം പേരില്‍ നിന്ന് അഞ്ചു കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊളംബസ് ജോബ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന സ്ഥാപനം നടത്തിയിരുന്ന വണ്ണപ്പുറം ദര്‍ഭത്തൊട്ടി വേളംപറമ്പില്‍ ജോബി ജോസ് (28) ആണു പിടിയിലായത്.
2022ല്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനം വഴി യുകെയില്‍ ബുച്ചര്‍, കെയര്‍ടേക്കര്‍ എന്നീ ജോലികള്‍ക്കു ഭാര്യയ്ക്കും ഭര്‍ത്താവിനും വുസ നല്‍കാമെന്നു സമൂഹമാധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. ഈ തസ്തികകളില്‍ 600 ഒഴിവുകള്‍ യുകെയിലുണ്ടെന്നു വിശ്വസിപ്പിച്ച് മൂന്നു മുതല്‍ 12 ലക്ഷം രൂപ വരെയാണു പ്രതി ഓരോരുത്തരില്‍ നിന്ന് ഈടാക്കിയത്.
ഏറെ നാള് കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21ന് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്കി. തൊടുപുഴയിലെ സ്ഥാപനത്തില്‍ പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും അടച്ചു പൂട്ടിയിരുന്നു.
ആദ്യം വന്ന പരാതികളില്‍ ചിലത് ഇയാള്‍ പണം തിരികെ നല്കി ഒതുക്കിത്തീര്‍ത്തു. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്നും വ്യാപകമായി പരാതികള്‍ വന്നതോടെ ജോബി ഒളിവില്‍ പോയി. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ഏപ്രിലില്‍ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു.
ഇതിനിടെ ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് വഴി ജോബി നേപ്പാളിലേക്കു കടന്നിരുന്നു.കഴിഞ്ഞ ദിവസം നേപ്പാളില്‍ നിന്നു തിരികെ ഇന്ത്യയിലേക്കു കടക്കാനായി അതിര്‍ത്തിയായ യുപിയിലെ സൊനൗലിയിലെത്തിയപ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്നു വിവരം അറിയിച്ചതനുസരിച്ചു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്കുമാറിന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്ഐ ഹരീഷ്, എസ്ഐ നജീബ്, എഎസ്ഐ വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച തൊടുപുഴയിലെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.