തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സിപിഎം സംഘർഷത്തിനു ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ വൃദ്ധൻ മരിച്ച സംഭവവും തിരഞ്ഞെടുപ്പ് സമയത്തു പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.പാർട്ടി ഗ്രാമത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത്.ലഹരിമരുന്ന് കച്ചവടം, ഗുണ്ടാപിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണു സ്ഫോടനമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുന്ന കോളജ് വിദ്യാർഥികളുടെ പോക്കറ്റടിക്കുന്നതു പോലെയുള്ള കാര്യങ്ങളും ഇവിടെ നടന്നു. സിപിഎം നേതാക്കൾക്ക് ഇതെല്ലാം അറിയാവുന്നതാണ്.
പരാജയം മറികടക്കാൻ പഴയതു പോലെ സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണോ എന്ന സംശയം ബിജെപിക്കുണ്ട്. സംഘർഷങ്ങൾ കുറഞ്ഞത് പാർട്ടി കേഡറുകളുടെ ആത്മവീര്യം നശിപ്പിച്ചുവെന്നാണ് ഒരു നേതാവ് സംസ്ഥാന സമിതിയിൽ പറഞ്ഞത്.
സംഘർഷങ്ങൾ നടത്തിയവർ ഇപ്പോൾ സ്വർണക്കടത്തിലേക്കും മാഫിയ പ്രവർത്തനങ്ങളിലേക്കും പോയിരിക്കുകയാണ്. അവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും സിപിഎം സംഘർഷമുണ്ടാക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
പാനൂരിൽ ആരാണ് ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചില്ല. എന്തിനു വേണ്ടിയാണ് ബോംബ് നിർമിച്ചതെന്ന് കണ്ടെത്താൻ സാധിക്കാത്തത് പൊലീസിന്റെ പരാജയമാണ്. കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലാണു സമാന അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതെന്നത് മറക്കരുത്’’ – സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടിൽ പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കാൻ താൽപര്യമില്ലെന്നും എന്നാൽ ബിജെപിക്ക് അത് ഗുണം ചെയ്യുമെന്നത് കൊണ്ടാണ് മത്സരിക്കുന്നതെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ജനങ്ങളെ ഞെട്ടിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തിനു ഭൂഷണമല്ലാത്ത പ്രസ്താവനയാണിത്.
എൽഡിഎഫും യുഡിഎഫും തമ്മിലുള്ള അകലം ഇല്ലാതായിരിക്കുന്നു. പിണറായി വിജയന്റെ അഴിമതി ന്യായീകരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്. ഒന്നാംതരം അഴിമതിക്കാരുടെ പാർട്ടിയാണ് സിപിഐ. അവരുടെ എല്ലാ വകുപ്പിലും തട്ടിപ്പാണ് നടക്കുന്നത്. പരസ്പര സഹകരണ രാഷ്ട്രീയമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.