കൊച്ചി: സൂര്യനെല്ലി കേസിലെ അതിജീവിതയുടെ സ്വകാര്യവിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഡി.ജി.പി. സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി.
സിബി മാത്യൂസിന്റെ 2017-ൽ പുറത്തിറങ്ങിയ 'നിർഭയം - ഒരു ഐ.പി.എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകൾ' എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്.സിബി മാത്യൂസിന്റെ പുസ്തകത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേര് വിവരങ്ങളും അവർ താമസിച്ചിരുന്ന സ്ഥലവും പെൺകുട്ടി പഠിച്ച സ്കൂളിന്റെ വിവരവും എല്ലാം പരാമർശിക്കുന്നുണ്ടായിരുന്നു.
ഈ വിവരങ്ങളിൽ നിന്നെല്ലാം അതിജീവിത ആരാണെന്ന് മനസിലാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ മുൻ ഡി.ജി.പി. സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് 228-ാം വകുപ്പിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2017-ലാണ് സിബി മാത്യൂസിന്റെ പുസ്തകം പുറത്തിറങ്ങിയത്. രണ്ടു വർഷങ്ങൾക്കുശേഷം 2019-ൽ പോലീസ് ഉദ്യോഗസ്ഥനായ കെ.കെ.ജോഷ്വാ സിബി മാത്യൂസിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണ്ണന്തല പോലീസിലും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ജോഷ്വാ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയെങ്കിലും കൂടുതൽ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഇയാൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.