കൊൽക്കത്ത: പാചക മത്സരത്തിൽ മത്സരാർഥി ബീഫ് പാകം ചെയ്തതിന് പിന്നാലെ, അവതാരകയായ തനിക്കെതിരേ വധഭീഷണിയെന്ന് ബെംഗാളി നടി സുദിപ ചാറ്റർജി.
ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാനലുമായി ചേർന്ന് ഈദ് ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പാചക മത്സരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരേ വധഭീഷണി ഉയരുന്നതായി ആരോപിച്ചു കൊണ്ട് നടി തന്നെയാണ് ഫേസ്ബുക്കിൽ രംഗത്തെത്തിയത്.തൃണമൂൽ കോൺഗ്രസുമായും ബെംഗാൾ മന്ത്രി ബാബുൽ സുപ്രിയോയുമായി അടുത്ത ബന്ധമുള്ളയാളാണ് സുദിപ ചാറ്റർജി. വിഷയം രാഷ്ട്രീയമായും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ തനിക്കെതിരേ നടക്കുന്നത് ടാർഗറ്റ് ചെയ്തു കൊണ്ടുള്ള രാഷ്ട്രീയമുതലെടുപ്പെന്ന് നടി ആരോപിച്ചു.
ഷോയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെയും ബാബുൽ സുപ്രിയോയ്ക്ക് നേരെയും കേട്ടാലറക്കുന്ന തരത്തിലുള്ള ആക്രമണം നടക്കുന്നുണ്ടെന്നും എന്നാൽ ഇതിന് പിന്നിൽ രാഷ്ട്രീയമൊന്നുമില്ലെന്നും സുദിപ ചാറ്റർജി പറഞ്ഞു.
തീ കൊളുത്തി കൊലപ്പെടുത്തുമെന്നും മകനെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിയുണ്ടെന്നും മരിച്ചു പോയ തന്റെ അമ്മയെ പോലും അധിക്ഷേപ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ട്രോൾ ചെയ്യുന്ന പലരും യഥാർത്ഥത്തിൽ വീഡിയോ മുഴുവൻ കാണ്ടിട്ടില്ല എന്ന കാര്യം എനിക്കുറപ്പിച്ചു പറയാൻ സാധിക്കും. ഞാൻ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല. തൊട്ടു നോക്കുക പോലും ചെയ്തിട്ടില്ല. മത്സരാർത്ഥിയാണ് പാചകം ചെയ്തത്. എഡിറ്റ് ചെയ്യാത്ത വീഡിയോയാണ് ഇത്. ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്- നടി ഫേസ്ബുക്കിൽ കുറിച്ചു.
ബംഗ്ലാദേശിന്റെ ഔദ്യോഗിക ഭക്ഷണങ്ങളിൽ ഒന്നാണ് ബീഫ് എന്ന് സംഘാടകർ എന്നോട് പറഞ്ഞു. ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആരുടേയും മതവികാരം വൃണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല- നടി ഫേസ്ബുക്കിൽ കൂടി പറഞ്ഞു.
2005 മുതൽ ടെലിവിഷൻ ബെംഗാളി ചാനൽ പരിപാടികളിൽ പ്രധാന സാന്നിധ്യമാണ് സുദിപ. 2022-ലാണ് 'സുദിപാസ് സോങ്സ്ഷാർ' എന്ന പാചക പരിപാടി ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.