സര്‍ക്കാര്‍ രൂപീകരണത്തിന് മുൻപ്തന്നെ ബിജെപിയേയും മോദിയേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്, സര്‍ക്കാര്‍ രൂപവത്കരണത്തിന് മുമ്പുതന്നെ ബി.ജെ.പിയേയും നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമനും തിരഞ്ഞെടുപ്പ് കാലത്ത് ഓഹരി വിപണിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് രാഹുലിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിലൂടെ ഓഹരി വിപണിയില്‍ ബി.ജെ.പി. നേതാക്കള്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ഇത് ഓഹരി കുംഭകോണമാണെന്നാണ് രാഹുലിന്റെ ആരോപണം.

ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തി. ഓഹരി വിപണി വലിയ വേഗത്തില്‍ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ജൂണ്‍ നാലിന് ഓഹരി വിപണി കുതിക്കുമെന്നും ഇപ്പോള്‍ നിക്ഷേപിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സമാനപ്രസ്താവനയായിരുന്നു ധനമന്ത്രിയുടേതും. 

ജൂണ്‍ നാലിന് മുമ്പ് ഷെയറുകള്‍ വാങ്ങാന്‍ അമിത് ഷാ നിര്‍ദേശിച്ചു. ജൂണ്‍ നാലിന് ഓഹരി വിപണി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് മേയ് 19-ന് മോദി പറഞ്ഞു', രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഓഹരിവിപണയില്‍ നിക്ഷേപം നടത്തുന്ന അഞ്ചുകോടി കുടുംബങ്ങള്‍ക്ക് എന്തിനാണ് പ്രധാനമന്ത്രിയും അമിത് ഷായും വ്യക്തമായ നിക്ഷേപ ഉപദേശം നല്‍കിയതെന്ന് രാഹുല്‍ ചോദിച്ചു. നിക്ഷേപ നിര്‍ദേശം നല്‍കുന്നത് അവരുടെ ജോലിയാണോ? 

സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമം കാണിച്ചതിന് സെബി അന്വേഷണം നേരിടുന്ന ബിസിനസ് ഗ്രൂപ്പിന് കീഴിലെ മാധ്യമസ്ഥാപനത്തിന് തന്നെ എന്തിനാണ് ഈ രണ്ട് അഭിമുഖങ്ങളും നല്‍കിയത്? എക്‌സിറ്റ് പോളിന് തൊട്ടുമുമ്പ് നിക്ഷേപം നടത്തി, അഞ്ചുകോടി കുടുംബങ്ങളുടെ ചെലവില്‍ വലിയ ലാഭം കൊയ്ത സംശയാസ്പദമായ വിദേശനിക്ഷേപകരും ബി.ജെ.പിയും വ്യാജ എക്‌സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലുള്ള ബന്ധമെന്താണ്? 

ഇക്കാര്യത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെടുകയാണ്. ഇത് ഒരു കുംഭകോണമാണെന്നാണ് മനസിലാക്കുന്നത്‌. ഇന്ത്യയിലെ ചെറുകിട നിക്ഷേപകരുടെ ചെലവില്‍ ആരൊക്കെയോ ആയിരക്കണക്കിന് കോടി രൂപ സമ്പാദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓഹരി വാങ്ങാനുള്ള സൂചന നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു.

'വ്യാജ' ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ജൂണ്‍ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കള്‍ക്ക് അറിയാമായിരുന്നു. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ പറഞ്ഞു.

അദാനി വിഷയത്തെക്കാള്‍ വലിയ പ്രശ്‌നമാണിത്. അദാനി വിവാദവുമായും ഇതിന് ബന്ധമുണ്ട്. എന്നാല്‍, അതിനേക്കാള്‍ വ്യാപ്തിയേറിയ പ്രശ്‌നമാണ്. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സ്വന്തം ഡാറ്റയും ഇന്റലിജന്‍സ്‌ വിവരവുമുള്ള പ്രധാനമന്ത്രിയും ആഭ്യമന്തരമന്ത്രിയും ചില്ലറ നിക്ഷേപകരെ ഓഹരി വാങ്ങാന്‍ ഉപദേശിച്ചു. 

മുമ്പൊരിക്കലും ഉണ്ടാവാത്ത സംഭവമാണിത്. ഒരു പ്രധാനമന്ത്രിയും മുമ്പ് ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടില്ല. ഒന്നിലേറെ തവണ പ്രധാനമന്ത്രി ഒന്നിനുപിറകേ ഒന്നായി ഓഹരി വിപണി ഉയരുമെന്ന് പരാമര്‍ശിക്കുന്നത് ആദ്യമായാണ്. അതേസമയം, അദ്ദേഹത്തിന് എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്നും വിവരമുണ്ടായിരുന്നു. 

സ്വന്തം പാര്‍ട്ടിയുടേയും ഇന്റലിജന്‍സിന്റേയും വിവരങ്ങള്‍ കൈവശമുള്ള അദ്ദേഹത്തിന്, തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ബോധ്യമുണ്ടായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !