കണ്ണൂർ :സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ മകൻ ജെയിൻ രാജിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഓർഡിനേറ്ററാണ് ജെയിനെന്നുമുള്ള ഗുരുതര ആരോപണവുമായി സിപിഎമ്മിൽനിന്നു പുറത്തായ മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരി ഭീഷണിയുമായി ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് പ്രതികരണം.പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ കണ്ണൂരിലെ സംഘടനയ്ക്കു വലിയ സമയം വേണ്ടെന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്. കൂടെയുള്ള ബിസിനസുകാർക്കും മാധ്യമങ്ങൾക്കും രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നും ഭീഷണിപ്പെടുത്തി.
മറ്റൊരാളുടെ ഫെയ്സ്ബുക് പോസ്റ്റിന് അടിയിലാണ് ആകാശിന്റെ പ്രതികരണം. പി.ജയരാജനെ സംവാദത്തിനു ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണിയുമായി വരുന്നത് ക്വട്ടേഷൻ, സ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തിന്റെ തലവന്മാരാണെന്ന് മനു പ്രതികരിച്ചു.
സംഘടനയെ സംരക്ഷിക്കാൻ നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന മറുചോദ്യവും ഉന്നയിച്ചു. പി.ജയരാജൻ ഫാൻസ് കൂട്ടായ്മയായ റെഡ് ആർമി ഗ്രൂപ്പിലും മനുവിനെതിരെ പ്രതികരണങ്ങൾ വരുന്നുണ്ട്.
ഈ ഗ്രൂപ്പിനു പിന്നിൽ പി.ജയരാജന്റെ മകനാണെന്ന് മനു ആരോപിച്ചു. മുൻപ് പിജെ ആർമിയെന്ന പേരിൽ ഉണ്ടായിരുന്ന സംഘമാണ് പേരുമാറ്റി റെഡ് ആർമിയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.