കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കോളേജിലെ ആറ് വിദ്യാര്‍ഥികളെ തെരുവുനായ കടിച്ചത്.
നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നായയുടെ കടിയേറ്റത്.കടിച്ചനായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ആര്‍പ്പൂക്കര പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നാണ് നായയുടെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. കടിയേറ്റ വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലുമായിരുന്നു ആക്രമണം. തെരുവുനായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികാരികളുടെ അറിയിപ്പ് അനുസരിച്ച് മൃഗസംരക്ഷകനായ ജയകുമാര്‍ എത്തി പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ അടിയന്തര ചികിത്സയും പ്രതിരോധ കുത്തിവെപ്പും നല്കി മടക്കി.പ്രസവചികിത്സാവിഭാഗത്തിലും പൊടിപാറ ലാബിന് സമീപത്തും കാന്‍സര്‍ വിഭാഗത്തിന് പുറകിലും നിര്‍മാണത്തിലിരിക്കുന്ന സര്‍ജിക്കല്‍ ബ്ലോക്കിന് സമീപത്തും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്നു. രണ്ടും മൂന്നും നായ്ക്കള്‍ കൂട്ടമായി രോഗികള്‍ക്കിടയിലൂടെയാണ് ഇറങ്ങിനടക്കുന്നത്.
കുട്ടികളുടെ ആശുപത്രിയുടെ സമീപത്തും ശല്യം. ചികിത്സയ്ക്കെത്തുന്ന കുട്ടികളെ കളിക്കാന്‍വിടുന്ന ഉദ്യാനത്തിന് സമീപവും നായ്ക്കളുണ്ട്. രക്ഷിതാക്കളോ ജീവനക്കാരോ ഇവിടെ ഉണ്ടാകണം.
ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപത്തും ഡെന്റല്‍ കോളേജിലും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ഉണ്ട്. പലപ്പോഴും ആശുപത്രിയില്‍ എത്തുന്നവര്‍ നല്കുന്ന ലഘുഭക്ഷണവും ബിസ്കറ്റുമാണ് ഇവരെ കൂട്ടംകൂടാന്‍ പ്രേരിപ്പിക്കുന്നത്. ഭക്ഷണം കിട്ടാതാകുമ്പോള്‍ ഇവര്‍ അക്രമത്തിന് മുതിരുന്നു.
ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളും കോട്ടയം നഗരസഭയും ആണ് ആശുപത്രിയിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണേണ്ടത്. നായശല്യം രൂക്ഷമാകുമ്പോള്‍ ആശുപത്രി അധികാരികള്‍ പഞ്ചായത്തിനെയും നഗരസഭയും അറിയിക്കുന്നു. ഇത് അനുസരിച്ച് മൃഗസംരക്ഷകരെ അറിയിക്കുകയും തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഒരു വര്‍ഷം മുമ്പ് പഞ്ചായത്ത് ഇടപെട്ട് മെഡിക്കല്‍ കോളേജ് പരിസരത്തെ തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതാണ്. ഇതിനു ശേഷവും നായ്ക്കള്‍ ഇവിടേക്ക് വന്നിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പും ഊര്‍ജിതമാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.