സിഡ്നി: ബൗളര്‍മാര്‍ക്ക് ആശ്വസിക്കാം! ലൈനും ലെംഗ്തും പാലിച്ച് കൃത്യതയോടെ എത്തുന്ന പന്തുകളെ പോലും നിര്‍ദാക്ഷിണ്യം അടിച്ചുപറത്തി വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ഇതിഹാസമായി മാറിയ ഡേവിഡ് വാര്‍ണര്‍ കളി മതിയാക്കി.
ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച താരം ട്വന്റി 20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് പുറത്തായതിന് പിന്നാലെയാണ് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷം നീണ്ട കരിയറില്‍ ഓസ്ട്രേലിയന്‍ സുവര്‍ണ തലമുറയുടേയും ഓസീസ് പ്രതാപകാലത്തിന്റെയും മുന്നണി പോരാളിയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റര്‍.
ഏകദിനങ്ങളില്‍ ആദം ഗില്‍ക്രിസ്റ്റും മാത്യു ഹെയ്ഡനും ഭരിച്ച ഓപ്പണിങ് ആധിപത്യത്തിലേക്ക് വാര്‍ണറുടെ വരവോടെ അത് ടോപ്ഗിയറിലായി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഓപ്പണറായി തിളങ്ങിയ കരിയറിനാണ് വിരാമമാകുന്നത്. സച്ചിനെ പോലെ ഉയരക്കുറവ് ഒരിക്കലും ഒരു പോരായ്മയായി തോന്നാത്ത ബാറ്റിങ് വിസ്ഫോടനങ്ങളുടെ കാലമാണ് അവസാനിക്കുന്നത്.
ഐ.പി.എലില്‍ പോലും ഹൈദരബാദിനെ കിരീടത്തിലേക്ക് നയിച്ചു.2015,2023-ഏകദിന ലോകകപ്പും 2021-ടി20-ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലും അംഗമായിരുന്നു. 2021-ലെ ടി20 ലോകകപ്പ് ടൂര്‍ണമെന്റിലെ താരവും വാര്‍ണറായിരുന്നു. 2021-2023 ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഓസീസിനായി നേടി. ഇന്ത്യയ്ക്കെതിരായ 2023-ഏകദിന ലോകകപ്പ് ഫൈനലാണ് അവസാനത്തെ ഏകദിനമത്സരം. 2023 ലോകകപ്പില്‍ 11 കളികളില്‍നിന്നായി 535 റണ്‍സാണ് താരം നേടിയത്.
2009-ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരേയാണ് ടി20-യിലെ അരങ്ങേറ്റം. പിന്നീട് 15-വര്‍ഷം ഓസീസിന്റെ നെടുംതൂണായി വാര്‍ണറുണ്ടായിരുന്നു. 112-ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8786-റണ്‍സെടുത്ത വാര്‍ണര്‍ ഏകദിനത്തില്‍ 161 മത്സരങ്ങളില്‍ നിന്നായി 6932-റണ്‍സും ടി20-യില്‍ 110 മത്സരങ്ങളില്‍ നിന്നായി 3277-റണ്‍സുമെടുത്തു.
നേരത്തേ തന്റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയുമായി ഓസീസിന് വിജയം സമ്മാനിച്ചാണ് കളിമതിയാക്കിയത്. സ്വന്തം ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ കാണികളേയും കുടുംബാംഗങ്ങളേയും സാക്ഷി നിര്‍ത്തിയാണ് 112 ടെസ്റ്റുകള്‍ നീളുന്ന കരിയര്‍ വാര്‍ണര്‍ 37 ാമത്തെ വയസ്സില്‍ അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സില്‍ 34 റണ്‍സെടുത്ത വാര്‍ണര്‍ രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സെടുത്തു. ജയിക്കാന്‍ കേവലം 10 റണ്‍സ് മാത്രം വേണ്ടപ്പോഴാണ് പുറത്തായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.