ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജ് ഇനി മുതൽ കേരള പൊലീസ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (എസ്ഐഎസ്എഫ്) വിഐപി സുരക്ഷയിൽ. വ്യക്തി വിവരശേഖരണം, മെറ്റൽ ഡിറ്റക്ടർ, ബ്രെത്ത് അനലൈസർ തുടങ്ങിയ കർശന പരിശോധനകൾക്കു ശേഷമേ ഇനി മുതൽ ആശുപത്രിക്കുള്ളിൽ പ്രവേശിക്കാനാവൂ. ജൂലൈ ഒന്നു മുതലാണ് ആശുപത്രിയുടെ സുരക്ഷ ചുമതല എസ്ഐഎസ്എഫ് ഏറ്റെടുക്കുന്നത്. ഇതോടെ സംസ്ഥാനത്ത് എസ്ഐഎസ്എഫ് സുരക്ഷയൊരുക്കുന്ന ആദ്യത്തെ മെഡിക്കൽ കോളജ് എന്ന പേരും കോട്ടയത്തിനു സ്വന്തമാകും. തിരുവനന്തപുരത്തു നിന്നുള്ള 18 അംഗ സംഘമാണ് സുരക്ഷയ്ക്കെത്തുന്നത്. സംഘത്തിൽ 12 പുരുഷന്മാരും 6 വനിതകളും ഉണ്ടാകും. അത്യാഹിത വിഭാഗത്തിന്റെ മുകളിലത്തെ നിലയിലാണ് ഇവർക്ക് ഓഫിസ് ഒരുക്കിയിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഡോ. വന്ദനയുടെ കൊലപാതകത്തിനു ശേഷം ആശുപത്രികളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. മുൻപ് കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽനിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ഉൾപ്പെടെ നടന്നിരുന്നു. അന്നു മുതൽ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.കൂടാതെ ആശുപത്രിക്കുള്ളിൽ മദ്യലഹരിയിൽ സാമൂഹിക വിരുദ്ധർ പ്രശ്നങ്ങളുണ്ടാക്കുന്നതും ഡോക്ടർമാരെയും ജീവനക്കാരെയും മർദിക്കാൻ ശ്രമിക്കുന്നതും നിത്യ സംഭവമായിരുന്നു. എസ്ഐഎസ്എഫ് വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. നിലവിലുള്ള നാൽപതോളം സുരക്ഷാ ജീവനക്കാരും 10 പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലുണ്ട് ∙ ഒരു വർഷം നീണ്ട നടപടികൾ എസ്ഐഎസ്എഫ് നിയമനവുമായി ബന്ധപ്പെട്ട് ഒരു വർഷം മുൻപാണ് നടപടി ആരംഭിച്ചത്. നവംബറിൽ എസ്ഐഎസ്എഫ് സംഘം ആശുപത്രി സന്ദർശനം നടത്തുകയും കാര്യങ്ങൾക്ക് അന്തിമരൂപം നൽകുകയും ചെയ്തു.
കേരള പൊലീസിന്റെ ഭാഗമാണെങ്കിലും ഉദ്യോഗസ്ഥരെ സേവനത്തിന് നിയോഗിക്കുമ്പോൾ അവരുടെ ശമ്പളം സ്ഥാപനത്തിൽ നിന്ന് നൽകണമെന്നാണ് ചട്ടം. ആശുപത്രിക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ ഇതു സംബന്ധിച്ച് ചില തടസ്സങ്ങൾ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. തുടർന്നു മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇവർക്കുള്ള ശമ്പളം ആശുപത്രി വികസന സമിതിയിൽ നിന്നും കണ്ടെത്താനാണ് ഇപ്പോഴത്തെ തീരുമാനം.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രിക്കുള്ളിൽ പ്രവേശിക്കാൻ ഇനി മുതൽ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് ഡോക്ടറുടെ അനുമതിയോ, അംഗീകൃത പ്രവേശന പാസോ ഇല്ലാതെ പ്രവേശനമുണ്ടാകില്ല. ആദ്യ ഘട്ടമെന്ന നിലയിൽ അത്യാഹിത വിഭാഗത്തിലും വാർഡുകളിലേക്കുള്ള പ്രധാന കവാടങ്ങളിലുമാണ് സുരക്ഷാ സംഘത്തെ നിയോഗിക്കുക. ഗൈനക്കോളജി അടക്കമുള്ള വിഭാഗങ്ങളിലേക്ക് പിന്നീട് പരിഗണിക്കും. കവാടങ്ങളിലെല്ലാം മെറ്റൽ ഡിറ്റക്ടറും വാർഡുകളിലും ആശുപത്രിയുടെ പരിസരത്തും പട്രോളിങ് യൂണിറ്റും മദ്യപാനം കണ്ടെത്തുന്നതിനുള്ള ബ്രീത്ത് അനലൈസറും പദ്ധതിയിലുണ്ട്. പ്രാവർത്തികമാകുമ്പോൾ മികച്ച സുരക്ഷാ വലയത്തിനുള്ളിലാകും കോട്ടയം മെഡിക്കൽ കോളജ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.