ന്യൂഡൽഹി: രാജ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-ന് നടക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിൽനിന്ന് മുംബൈ വരെയായിരിക്കും പരീക്ഷണയോട്ടം. ബെംഗളൂരുവിലെ ബി.ഇ.എം.എലിൽ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർകോച്ചുകളില്ല. അതിനാൽ ശരാശരി എട്ടുമണിക്കൂർവരെയുള്ള ഓട്ടത്തിനാണ് ഇതുപയോഗിക്കുന്നത്. പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ദീർഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. ഇതിന്റെ പരീക്ഷണയോട്ടവും ഉടൻ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.
11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളാവും വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാവുക. ഇതിലെല്ലാമായി 823 യാത്രക്കാർക്ക് സഞ്ചരിക്കാം. രണ്ട് എസ്.എൽ.ആർ കോച്ചുകളും ഉണ്ടായിരിക്കുമെന്ന് റെയിൽവേ അധികൃതരെ ഉദ്ധരിച്ച് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽവരെ പരീക്ഷണയോട്ടം നടത്തുമെങ്കിലും ഇതിന് ശേഷം മണിക്കൂറില്‍ 160 മുതൽ 220 കിലോമീറ്റർ വരേയായിരിക്കും വേഗം. പരീക്ഷണയോട്ടം കഴിഞ്ഞാൽ താമസമില്ലാതെ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.
2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനാണ് പരിപാടി. ബെംഗളൂരുവിലെ ബി.ഇ.എം.എലിലാണ് ഇവ നിർമിക്കുന്നത്. നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്സ്പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യം വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുമെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.