കുവൈത്ത്: 50ലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴുപേരുടെ നില ഗുരുതരം. മറ്റു രാജ്യക്കാരായ ചില തൊഴിലാളികളുമുണ്ട്. മരണ സംഖ്യ ഉയർന്നേക്കും.

പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. ഒൻപതു മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ് (29), കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
ഇന്നലെ പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 4.30 (ഇന്ത്യൻ സമയം രാവിലെ 7ന്) ആയിരുന്നു സംഭവം. തെക്കൻ കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്ക് നാലിൽ തിരുവല്ല നിരണം സ്വദേശി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻ. ബി.ടി.സി കമ്പനിയുടെ ക്യാമ്പിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. 195 പേരാണ് ആറുനില കെട്ടിടത്തിൽ താമസിച്ചിരുന്നത്.
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. താഴത്തെ നിലയിൽ സുരക്ഷാ ജീവനക്കാരന്റെ മുറിക്ക് സമീപത്ത് നിന്നാണ് തീപടർന്നത്. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് വ്യാപിച്ചതോടെ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ഷോർട്ട്സർക്യൂട്ടാകാം കാരണമെന്നു കരുതുന്നു.
സുരക്ഷാ ജീവനക്കാരൻ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സംഭവിച്ചതാണെന്നും അഭ്യൂഹമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടത്തോടെ തൊഴിലാളികളെ പാർപ്പിച്ചിരുന്നു. ലിഫ്ട് സൗകര്യവും ഉണ്ടായിരുന്നില്ല.
നല്ല ഉറക്കത്തിലായിരുന്നു മിക്കവരും. ചൂടേറ്റും ശ്വാസംമുട്ടിയും ഉണർന്നപ്പോഴേക്കും ചുറ്റും തീവലയായിരുന്നു. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത് താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവർ പടിക്കെട്ടുകളിൽ വെന്തു മരിച്ചു. ജനാലകളിൽ നിന്ന് താഴേക്ക് ചാടിയവരും മരിച്ചു. ചിലർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ: +965-65505246.
ഇന്ത്യക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. അംബാസഡർ ആദർശ് സ്വൈക അപകട സ്ഥലവും ചികിത്സയിലുള്ള ഇന്ത്യക്കാരെയും സന്ദർശിച്ചു. ഹെൽപ് ലൈൻ നമ്പർ: +965-65505246.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു.
പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ വൈകിട്ട് അടിയന്തര ഉന്നതതല യോഗം ചേർന്നു. രാത്രിയോടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗിനെ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കുവൈറ്റിലേക്ക് അയച്ചു.
മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
കുവൈറ്റ് ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് സ്ഥലം സന്ദർശിച്ചു. കെട്ടിട ഉടമയെയും കാവൽക്കാരനെയും ജീവനക്കാരെ പാർപ്പിച്ച കമ്പനി ഉടമകളെയും അറസ്റ്റ് ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടു.
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.