തിരുവനന്തപുരം∙ സുപ്രീംകോടതി വിധിയെ തുടർന്ന് വിവിധ സർവകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ച വൈസ് ചാൻസലമാർ, കോടതി ചെലവുകൾക്കായി വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്നും ചെലവിട്ടത് ഒരു കോടി 13 ലക്ഷം രൂപ.എൽദോസ് പി.കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ വിശദമായ കണക്ക് സമർപ്പിച്ചത്.
കണ്ണൂർ വിസി ആയിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രൻ – 69 ലക്ഷം ∙കുഫോസ് വിസിയായിരുന്ന ഡോ.റിജി ജോൺ – 36 ലക്ഷം ∙സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ.എം.എസ്. രാജശ്രീ – 1.5 ലക്ഷം ∙കാലിക്കറ്റ് വിസി ഡോ.എം.കെ. ജയരാജ് – 4.25 ലക്ഷം ∙കുസാറ്റ് വിസി ഡോ.കെ.എൻ. മധുസൂദനൻ – 77,500 രൂപ ∙മലയാള സർവകലാശാല വിസിയായിരുന്ന ഡോ.വി.അനിൽകുമാർ – 1 ലക്ഷം ∙ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ.മുബാറക് പാഷ – 53000 രൂപ.
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോഷ്യേറ്റ് പ്രഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കോടതി ചെലവിനായി 8 ലക്ഷം രൂപ നാളിതുവരെ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയതായും രേഖകൾ വ്യക്തമാക്കുന്നു. കണ്ണൂർ വിസിയും കുഫോസ് വിസിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിനു മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ പ്രത്യേകമായി ചുമതലപ്പെടുത്തുകയായിരുന്നു.
കാലിക്കറ്റ് വിസി, ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസിലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിനു നാലേകാൽ ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന്റെ ഹർജി ഹൈക്കോടതിയിൽ പരിഗണിക്കുമ്പോഴും യൂണിവേഴ്സിറ്റി കൗൺസലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി.രവീന്ദ്രനെ ചുമതലപെടുത്തിയതിനു 6,50000 രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടു.
സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് ചെലവുകൾ വഹിക്കേണ്ടത്. എന്നാൽ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിനു സർവകലാശാല ഫണ്ടിൽ നിന്നും തുക ചെലവിടുന്നത് ആദ്യമായാണ്.
തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.