കൊച്ചി; ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു.
അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു കണ്ടെത്തൽ.
അഭയാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ തങ്ങുന്നതിനും ഇന്ത്യക്കാരായ കുറ്റവാളികൾ യാത്രാരേഖകളുണ്ടാക്കി രാജ്യം വിട്ടുപോവുന്നതിനും വ്യാജ ആധാർ കാർഡുകൾ ദുരുപയോഗിക്കുന്നുണ്ട്.മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) നിരീക്ഷണം ശക്തമാക്കി.
കേരളം അടക്കമുള്ള കടൽത്തീര സംസ്ഥാനങ്ങളിൽ കോസ്റ്റ് ഗാർഡും നിരീക്ഷണം വ്യാപിപ്പിച്ചു. വ്യാജ ആധാർ ഉപയോഗിച്ചു കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഒരു വർഷം മുൻപു സൂചന നൽകിയിരുന്നു.
ഫെബ്രുവരിയിൽ മലപ്പുറം തൃപ്രങ്ങോട് അക്ഷയ കേന്ദ്രത്തിലെ ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി 50 ആധാർ ഐഡികൾ വ്യാജമായി നിർമിച്ചതായി കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഇന്റർനെറ്റ് പ്രോട്ടോകോൾ (ഐപി) വിലാസങ്ങളിൽനിന്നാണു നുഴഞ്ഞുകയറ്റം നടത്തിയത്.
പെരുമ്പാവൂരിലെ ഭായ് മാർക്കറ്റുകളുടെ ഉള്ളിൽ ബോർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാജ ആധാർ കേന്ദ്രങ്ങളിൽ ഒരേ ചിത്രം ഉപയോഗിച്ചു വിവിധ പേരുകളിലും വിലാസങ്ങളിലും ആധാർ കാർഡുകൾ നിർമിച്ചു നൽകുന്നതായി വിവരമുണ്ട്.
കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത പല ആധാർ കാർഡുകളും വ്യാജമായി നിർമിച്ചതാണ്.വ്യാജ ആധാർ കാർഡ് നിർമിക്കുന്നതും തിരിച്ചറിയൽ രേഖയായി ദുരുപയോഗിക്കുന്നതും ആധാർ ആക്ട് (2016) പ്രകാരം 3 വർഷം വരെ തടവും 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.