മലപ്പുറം: ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും കവര്‍ച്ച പതിവാക്കിയ അന്തര്‍ജില്ലാ മോഷ്ടാവ് പോലീസിന്റെ പിടിയിലായി.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍(ജിമ്മന്‍ കിച്ചു-25)നെയാണ് പരപ്പനങ്ങാടിയില്‍നിന്ന് പോലീസ് പിടികൂടിയത്.പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
തുടര്‍ന്ന് വിവിധയിടങ്ങളിലെ 200-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് 'ജിമ്മന്‍ കിച്ചു' വലയിലായത്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫറോക്ക്, മേപ്പയൂര്‍
എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട കിഷോര്‍. പ്രതിയെ ചോദ്യംചെയ്തതില്‍നിന്ന് ജില്ലയ്ക്കകത്തും പുറത്തുമായി അടുത്തിടെ നടന്ന 15-ഓളം മോഷണങ്ങള്‍ക്കും തുമ്പായി.
രാസലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടജീവിതമാണ് നയിച്ചിരുന്നത്.
കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈ.എസ്.പി. ടി.മനോജ്, മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്.ദിനേശ്കുമാര്‍, അജയന്,
എ.എസ്.ഐ.മാരായ വിവേക്, തുളസി, സോണിയ, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ഐ.കെ.ദിനേശ്, പി.സലീം, ആര്.ഷഹേഷ്, കെ.കെ.ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.