ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഒരേ പേരുള്ള രണ്ടു പേര് മത്സരിക്കാനെത്തിയാല്‍ എങ്ങനെ വിലക്കാനാകുമെന്ന് കോടതി ചോദിച്ചു. കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചു.
രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതകള്‍ നശിപ്പിക്കുന്നതിനായി ബോധപൂര്‍വ്വം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന അപരന്മാരെ വിലക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.അപരന്മാരുടെ പശ്ചാത്തലം സൂക്ഷ്മമായി പരിശോധിക്കുകയും, എതിരാളികള്‍ ബോധപൂര്‍വ്വം അവരെ മത്സരിപ്പിക്കുകയാണെങ്കില്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.
ജസ്റ്റിസുമാരായ ബി ആര് ഗവായ്, സതീഷ് ചന്ദ്ര ശര്‍മ്മ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രമുഖരുടെ പേരുള്ളവരോട് മത്സരിക്കരുതെന്ന് പറയാൻ കഴിയുമോ ?.
ഒരാള്‍ മക്കള്‍ക്ക് രാഹുല്ഗാന്ധിയെന്നോ ലാലു പ്രസാദ് യാദവെന്നോ പേരു നല്കിയാല്, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തടയുന്നത് എങ്ങനെയാണ് ?. അത് അവരുടെ അവകാശത്തെ ബാധിക്കുന്നതല്ലേയെന്ന് കോടതി ചോദിച്ചു.
സാബു സ്റ്റീഫന്‍ എന്നയാളാണ് അപരന്മാരെ വിലക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. അപരസ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി പത്രിക സമര്‍പ്പിച്ചാല്‍, അവരുടെ പശ്ചാത്തലവും പ്രചാരണവും പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനെതിരെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ നാലു ഒ പനീര്ശെല്വംമാരാണ് മത്സരിച്ചതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
എന്നാല്‍ ഒരേ പേരുകാരെ വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. കേസിന്റെ വിധി എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു.തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കോടതിയുടെ അനുവാദത്തോടെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.