പെരുമ്പാവൂർ: നാല്പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി
വ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം.രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് കെ.എസ്.ഇ.ബി. ലൈൻമാനെത്തി ഫ്യൂസ് ഊരിയത്. ഇൻവെർട്ടർ സംവിധാനമുപയോഗിച്ച് കുറച്ചുസമയംകൂടി മാത്രമേ ഡയാലിസിസ് തുടരാൻ കഴിഞ്ഞുള്ളൂ. സെന്ററിലെ ജനറേറ്റർ തകരാറിലായിരുന്നു.
കൊയ്നോണിയ അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും ബില്‍ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ നിലപാട്. പിന്നീട് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടും എം.എല്‍.എ. ഓഫീസില്‍നിന്നും ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല.
പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍, വാർഡ് മെംബർ പി.പി. എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുള്‍പ്പെടുന്ന സംഘം വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസില്‍ നേരിട്ടെത്തി ഉപരോധം തീർത്തതിനെത്തുടർന്നാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്. സ്ഥിതി കൂടുതല്‍ വഷളാവുമെന്ന ഘട്ടത്തില്‍ 11 മണിയോടെയാണ് ഓവർസിയറെത്തി വൈദ്യുതി പുനഃസ്ഥാപിച്ചത്.
30,000 രൂപയോളമാണ് കൊയ്നോണിയ സെന്ററിലെ വൈദ്യുതി ബില്‍. മേയ് ഒന്നിന് ബില്‍ തുകയ്ക്കുള്ള ചെക്കുമായി കൊയ്നോണിയയിലെ ജീവനക്കാരൻ വൈദ്യുതി ഓഫീസിലെത്തിയെങ്കിലും അവധിയായതിനാല്‍ പിറ്റേദിവസം അടച്ചാല്‍ മതി എന്നുപറഞ്ഞ് മടക്കിയെന്ന് പറയുന്നു. പിറ്റേന്ന് ഓഫീസ് തുറക്കുന്നതിനു മുൻപുതന്നെ ലൈൻമാനെത്തി ഫ്യൂസ് ഊരുകയായിരുന്നു. കൊയ്നോണിയയില്‍ മാസം ആയിരത്തോളം പേർക്ക് സൗജന്യനിരക്കില്‍ ഡയാലിസിസ് നല്‍കുന്നുണ്ട്.
കെ.എസ്.ഇ.ബി. പറയുന്നത്
പണമടയ്ക്കാത്തതിനാല്‍ വൈദ്യുതിബന്ധം വിച്ഛേദിക്കാനുള്ള തീയതി ഏപ്രില്‍ 27 ആയിരുന്നുവെന്നും ആതുരാലയമെന്ന പരിഗണനയിലാണ് അഞ്ച് ദിവസം കൂടി സമയം നല്‍കിയതെന്നും എക്സി. എൻജിനീയർ എം.എ. ബിജുമോൻ പറഞ്ഞു. രണ്ടു മാസം മുൻപ് ഉപയോഗിച്ച വൈദ്യുതിക്കാണ് പിന്നീട് മൂന്നാഴ്ച കൂടി സമയം അനുവദിച്ച് ബില്‍ നല്‍കുന്നത്.
ഏതെങ്കിലും ഒരു സ്ഥാപനത്തിന് പ്രത്യേകമായി പരിഗണന നല്‍കണമെന്ന് ബോർഡ് നിഷ്കർഷിക്കാത്ത സാഹചര്യത്തില്‍ ഫീല്‍ഡ് സ്റ്റാഫിന് ഫ്യൂസ് ഊരുകയല്ലാതെ നിവൃത്തിയില്ല. വിഷയം സംബന്ധിച്ച് ആരും പരാതിയോ അപേക്ഷയോ നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.