ന്യൂഡല്‍ഹി: കിഴക്കൻ ഡല്‍ഹിയിലെ വിവേക് വിഹാർ ഏരിയയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തില്‍ ആറ് നവജാതശിശുക്കള്‍ വെന്തുമരിച്ചു.
ആറ് പേരെ രക്ഷപ്പെടുത്തി സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . ഇതില്‍ ഒരു കുട്ടി വെന്റിലേറ്ററിലാണെന്നും അഗ്നിശമനസേന അറിയിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ന്യൂ ബോണ്‍ ബേബി കെയർ ഹോസ്പിറ്റലിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിലും തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാേടെയാണ് തീ പൂർണമായും അണയ്ക്കാനായതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രണ്ട് കെട്ടിടങ്ങളെയാണ് തീപിടുത്തം ബാധിച്ചതെന്ന് ഫയർ ഓഫീസർ രാജേഷ് എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
അതേസമയം, ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയെന്ന് റിപ്പോർട്ട്. ഇതില്‍ 12 കുട്ടികളും ഉള്‍പ്പെടും. നിരവധി പേർക്ക് പരിക്കേറ്റു. 15 കുട്ടികളെ രക്ഷപ്പെടുത്തി. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവിടെ പരിശോധന നടക്കുകയാണ്. രാജ്കോട്ടിലെ ടി.ആർ.പി ഗെയിം സോണില്‍ ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അപകടസമയം 60 പേരിലധികം ഗെയിമിംഗ് സോണിലുണ്ടായിരുന്നെന്നാണ് നിഗമനം.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു.അവധിക്കാലമായതിനാല്‍ സെന്ററില്‍ ഒട്ടേറെ കുട്ടികള്‍ എത്തിയിരുന്നു.
എ. സി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സൂചന.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവരാജ് സിംഗ് സോളങ്ക എന്നയാളുടെ പേരിലുള്ളതാണ് ഗെയിമിംഗ് സോണ്‍. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡി.എൻ.എ പരിശോധന വേണ്ടി വന്നേക്കും. സെന്ററിന് എൻ.ഒ.സി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
താത്കാലികമായി നിർമ്മിച്ച ഗെയിമിംഗ് സോണ്‍ പൂർണമായും മരം കൊണ്ടാണ് നിർമിച്ചത്. അതുകൊണ്ട് തീ വേഗത്തില്‍ പടർന്നു. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.