കണ്ണൂർ: റോഡ് വീതി കൂട്ടാൻ സ്ഥലം നല്‍കിയില്ലെന്നാരോപിച്ച് മതിലും ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. കണ്ണൂർ മാങ്ങാട്ടിടത്താണ് സംഭവം.
വാതില്‍ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തില്‍ മതില്‍ പൊളിച്ചെന്നാണ് ആരോപണം. കൂളിക്കടവിലെ ഹാജിറ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുള്ള റോഡരികിലാണ് ഹാജിറയുടെ വീട്. സ്ഥലത്ത് റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിനായി സ്ഥലം വിട്ടുനല്‍കിയില്ലെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. അർദ്ധരാത്രി മണ്ണുമാന്തി യന്ത്രത്തിന്റെ ശബ്ദം കേട്ട് ഉണർന്നെങ്കിലും പുറത്തിറങ്ങാൻ സാധിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു.
വീട്ടിലെ മൂന്ന് ഗ്രില്ലും കമ്പി കഷ്‌ണം ഉപയോഗിച്ച് പൂട്ടിയിട്ടിരുന്നു. കിണറിന് മുകളിലുള്ള ഗ്രില്‍ വരെ അഴിച്ചുമാറ്റി പുറത്തേക്കുള്ള വഴികളെല്ലാം അടച്ചു. മതിലും ഗേറ്റും പൂർണമായും തകർത്ത നിലയിലായിരുന്നു.
റോഡ് വീതി കൂട്ടാൻ നേരത്തേ സ്ഥലം വിട്ടുനല്‍കിയതാണെന്നും കൂടുതല്‍ നല്‍കാനാകില്ലെന്നും ഹാജിറ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിപ്പെട്ടു.
തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് കൂത്തുപറമ്ബ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, റോഡ് വിഷയം പാർട്ടി ഇടപെട്ട് ഹാജിറയുമായി സംസാരിച്ചിരുന്നുവെന്ന് സിപിഎം സമ്മതിക്കുന്നുണ്ട്. എന്നാല്‍, അക്രമത്തില്‍ പാർട്ടിക്ക് പങ്കില്ലെന്നാണ് വിശദീകരണം.
സിപിഎമ്മിനെതിരെ പരാതിയുമായി പത്തനംതിട്ടയിലെ കുടുംബശ്രീ ഹോട്ടല്‍ സംരംഭകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
സിപിഎം മുഖപത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടർന്ന് പത്തനംതിട്ട മലയാലപ്പുഴയില്‍ സംരംഭകരെ ഡിടിപിസി കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായാണ് പരാതി. വനിതാ സംരംഭകരാണ് സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയത്. എന്നാല്‍, ഇവരുടെ ആരോപണം ഡിടിപിസി തള്ളി.
ഹോട്ടല്‍ ജീവനക്കാരായ ആറ് വനിതകളും പത്രത്തിന്റെ വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് തയ്യാറാകാതെ വന്നതോടെ പത്ത് വർഷമായി പ്രവർത്തിച്ച കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്നാണ് പരാതി.
ഇവരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാർ നല്‍കുകയും ചെയ്‌തിരുന്നു. ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് വനിതാ സംരംഭകരുടെ ആരോപണം.
എന്നാല്‍, പത്ത് വർഷമായി ഒരേ സംരംഭകർക്ക് നല്‍കുന്നതില്‍ ഓഡിറ്റില്‍ പ്രശ്‌നം വന്നു. ഇതോടെ നിയമപരമായി ടെൻഡർ വിളിച്ച് മറ്റ് ആളുകള്‍ക്ക് നല്‍കുകയായിരുന്നു എന്നാണ് വിഷയത്തില്‍ ഡിടിപിസിയുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.