കുറ്റിപ്പുറം: ഭാരതപ്പുഴയിലെ തീപിടിച്ച കുറ്റിക്കാടുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തവനൂർ സ്വദേശിയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
തൃപ്പാലൂർ കളരിക്കല്‍ നാരായണക്കുറുപ്പിന്റെ മകൻ അച്ചുതാനന്ദൻ എന്ന ആനന്ദൻ (58) ആണ് മരിച്ചത്.
കുറ്റിപ്പുറം മഞ്ചാടിക്കുസമീപം ഞായറാഴ്ച വൈകുന്നേരം റോഡിലെയും പുഴയിലെയും പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊന്നാനിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും കുറ്റിപ്പുറം പോലീസും നാട്ടുകാരുംചേർന്ന് കുറ്റിക്കാട്ടിലെ തീ അണച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. തുടർന്ന് സമീപത്തുനിന്നു കിട്ടിയ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അച്ചുതാനന്ദനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
വിവരമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ ചില ബന്ധുക്കള്‍ അച്ചുതാനന്ദന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചില്ല. പിന്നീട് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ എത്തിയ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഞായറാഴ്ച ഉച്ചയോടെ മഞ്ചാടിയിലെ ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ അച്ചുതാനന്ദൻ പിന്നീട് ഒറ്റയ്ക്ക് ബാറില്‍നിന്ന് ഇറങ്ങിപ്പോയതായി ഒപ്പമുണ്ടായിരുന്നവർ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഇയാള്‍ എങ്ങനെയാണ് റോഡരികിലെ തീയില്‍പ്പെട്ടതെന്ന് വ്യക്തമല്ല.
ഏറെക്കാലം പ്രവാസിയായിരുന്നു. തിരൂർ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ സംസ്കരിച്ചു. അമ്മ: പത്മാവതി. സഹോദരങ്ങള്‍: വിജയകുമാർ, ഭാസ്കരൻ, ഗീത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.