കൊച്ചി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷയും കോടതി ശരിവച്ചു. അനുശാന്തി നല്‍കിയ ഹർജിയിലായിരുന്നു കോടതി വിധി.
ജസ്റ്റിസുമാരായ പി വി സുരേഷ് കുമാർ, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.2014 ഏപ്രില്‍ 16നാണ് സംഭമുണ്ടായത്. അനുശാന്തിയുടെ നാലുവയസുകാരിയായ മകള്‍ സ്വാസ്‌തിക, ഭർത്താവിന്റെ അമ്മ ഓമന (57) എന്നിവരെ പട്ടാപ്പകല്‍ വീട്ടില്‍ കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ടെക്‌നോപാർക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് നിനോ മാത്യു ക്രൂരകൃത്യം ചെയ്‌തത്.
അനുശാന്തി ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു. നിനോയുടെ ആക്രമണത്തില്‍ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
അറേബ്യയിലെ മുഴുവൻ സുഗന്ധലേപനങ്ങള്‍ കൊണ്ട് കൈ കഴുകിയാലും പാപക്കറ മാറില്ലെന്ന് വ്യക്തമാക്കിയാണ് മുമ്പ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. സ്വന്തം മകളെ കൊലപ്പെടുത്താൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്നും കോടതി പറഞ്ഞിരുന്നു.
പിന്നീട് ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികളുടെയും സാമൂഹ്യ - സാമ്പത്തിക - കുടുംബ പശ്‌ചാത്തലം, മനോനില, ക്രിമിനല്‍ പശ്ചാത്തലം, പീഡനം, അവഗണന തുടങ്ങിയവ നേരിട്ടതിന്റെ ചരിത്രം എന്നിവ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഡല്‍ഹിയിലെ നാഷണല്‍ ലാ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ " പ്രൊജക്‌ട് 39 എ " എന്ന ഏജൻസിയെയാണ് ചുമതലപ്പെടുത്തിയത്. പ്രതികളുടെ മനോനില, തൊഴില്‍, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ സർക്കാരും മിറ്റിഗേഷൻ റിപ്പോർട്ടുകള്‍ നല്‍കണമെന്ന് കോടതി അന്ന് നിർദേശിച്ചിരുന്നു.
മിറ്റിഗേഷൻ അന്വേഷണം
വധശിക്ഷ കുറയ്ക്കാൻ മതിയായ മറ്റു കാരണങ്ങളുണ്ടോ, പ്രതിയെങ്ങനെ ക്രിമിനലായി മാറിയെന്നത് ഉള്‍പ്പെടെയുള്ള വസ്തുതകളാണ് ഇതില്‍ പരിശോധിക്കുക. ഇന്ന് ഹൈക്കോടതി തീരുമാനമെടുക്കുന്നത് വരെ പ്രൊജക്‌ട് 39 എ അംഗങ്ങള്‍ നല്‍കിയ റിപ്പോർട്ടുകള്‍ ഹൈക്കോടതി രജിസ്ട്രി മുദ്രവച്ച കവറില്‍ സൂക്ഷിച്ചിരുന്നു.
ഇതിന്റെ പകർപ്പുകള്‍ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നല്‍കി. അവരും റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കണമെന്ന നിയമം നിലവിലുണ്ട്. ശേഷമാണ് ഹൈക്കോടതി ഇന്ന് ഈ റിപ്പോർട്ട് പരിഗണിച്ചത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.