തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ.
വിദേശയാത്രയുടെ കാര്യം പാർട്ടി അറിഞ്ഞിരുന്നുവെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.എന്തിനാണ് ഈ യാത്ര വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയിൽ ഒരു ചട്ടലംഘനവുമില്ല. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ അദ്ദേഹം പോകാറുള്ളൂ.
ചെയ്യാൻ പാടില്ലാത്ത ഒരു കാര്യവും മുഖ്യമന്ത്രി ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളിൽ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ യാത്രയുടെ ഔചിത്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് തങ്ങൾ തീരുമാനിച്ചാൽ പോരെയെന്നായിരുന്നു ഇ.പിയുടെ മറുചോദ്യം.
'ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിയാൽ പോരേ. ആരൊക്കെ എവിടെയൊക്കെ പോകണം, എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. കേരളമല്ലല്ലോ ഇന്ത്യ. ദേശീയ നേതാക്കൾ പോകേണ്ട സ്ഥലത്തൊക്കെ പോകുന്നുണ്ട്', ഇ.പി പറഞ്ഞു.
യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങൾ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. യാത്രയുടെ സ്പോൺസർ ആരാണെന്ന് എന്തിനാണ് അന്വേഷിക്കുന്നത്. എല്ലാ കാര്യവും മാധ്യമങ്ങളോട് പറയേണ്ടതുണ്ടോയെന്നും ഇ.പി ചോദിച്ചു.
മുഖ്യമന്ത്രിയുടെ യാത്രയുടെ കാര്യം പത്രമാധ്യമങ്ങളിലെ പ്രധാനികൾക്കെല്ലാം അറിയാം. കേന്ദ്രത്തിനും സി.പി.എമ്മിനും അറിയാം. ചില മാധ്യമപ്രവർത്തകർ മാത്രം അറിഞ്ഞില്ലെങ്കിൽ അത് അവരുടെ കഴിവുകേട്.
യാത്ര പോകുന്ന സാഹചര്യങ്ങളിൽ മുഖ്യമന്ത്രിമാർ ചുമതല കൈമാറുന്നൊരു കീഴ്വഴക്കമുണ്ടോയെന്ന് ഇ.പി ചോദിച്ചു. 'ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും അദ്ദേഹം പോയിട്ടില്ലേ.
അന്ന് അടിയന്തര ക്യാബിനെറ്റ് ചേരേണ്ടി വന്നു. ഞാനായിരുന്നല്ലോ ക്യാബിനെറ്റിന്റെ അധ്യക്ഷനായത്', ഇ.പി ജയരാജൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.