കന്യാകുമാരി:വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ. തിരുനെൽവേലി ഡിഐജിയുടെ മേൽനോട്ടത്തിൽ കന്യാകുമാരി എസ്പിക്കാണ് സുരക്ഷാ ചുമതല.
രണ്ടായിരത്തോളം പൊലീസുകാരെ കന്യാകുമാരിയിൽ വിന്യസിച്ചു. ഡൽഹിയിൽനിന്ന് എസ്പിജി സംഘവുമെത്തി. 30ന് വൈകിട്ട് 4.45ന് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തും. ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് വൈകിട്ടോടെ തിരുവനന്തപുരം വഴി ഡൽഹിയിലേക്ക് തിരിച്ചുപോകും.വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് ആദ്യമായാണ്. 2019ൽ കേദാർനാഥ് ക്ഷേത്രത്തിനടത്തുള്ള ഗുഹയിൽ പ്രധാനമന്ത്രി ധ്യാനം ഇരുന്നിരുന്നു. 1892 ഡിസംബർ 23, 24, 25 തീയതികളിൽ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന പാറയിൽ 1970ലാണു സ്മാരകം പണിതത്. രാഷ്ട്രപതിയായിരിക്കേ റാം നാഥ് കോവിന്ദ് വിവേകാനന്ദപ്പാറ സന്ദർശിച്ചിരുന്നെങ്കിലും ധ്യാനമിരുന്നില്ല.
പ്രധാനമന്ത്രി 30ന് ഉച്ചയ്ക്കുശേഷം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കു പോകും. പ്രത്യേക ബോട്ടിൽ വിവേകാനന്ദപ്പാറയിലെത്തും. കരയിൽനിന്ന് 500 മീറ്ററോളം അകലെയാണ് പാറ. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്നാണ് സങ്കൽപം.
ധ്യാന മണ്ഡപത്തിൽ പ്രധാനമന്ത്രി ധ്യാനമിരിക്കും. ജനങ്ങൾ ധ്യാനമിരിക്കാനായി ഇവിടെ എത്താറുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ∙ വിവേകാനന്ദപ്പാറയിലെ മണ്ഡപത്തിന് 3 ഭാഗങ്ങൾ വിവേകാനന്ദപ്പാറയിലെ മണ്ഡപത്തിന് ശ്രീപാദ മണ്ഡപം, ധ്യാനമണ്ഡപം, സഭാ മണ്ഡപം എന്നീ ഭാഗങ്ങളുണ്ട്. ധ്യാനമണ്ഡപത്തിൽ ഓംകാര രൂപമുള്ള ധ്യാനമുറിയും വശങ്ങളില്‍ 6 മുറികളുമുണ്ട്.
സഭാമണ്ഡപത്തിൽ വിവേകാനന്ദന്റെ വെങ്കലപ്രതിമയും ഒരുവരാന്തയും തുറന്ന മുറിയും. ശ്രീപാദമണ്ഡപത്തിൽ ഗർഭഗൃഹം, അകത്തെയും പുറത്തെയും ഹാൾ. ഇവിടെ ശാരദാദേവിയുടെയും ശ്രീമാമകൃഷ്ണപരമഹംസന്റെയും ഛായാചിത്രവുമുണ്ട്.
തൊട്ടടുത്തുള്ള പാറയിൽ 133 അടിയുള്ള തിരുവള്ളുവർ പ്രതിമ. വിവേകാനന്ദസ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കുമിടയിൽ 37 കോടി രൂപ ചെലവിൽ പണിതു വരുന്ന കണ്ണാടി നടപ്പാലത്തിന്റെ നിർമാണ പ്രവർത്തനം അവസാനഘട്ടത്തിലാണ്. വിവേകാനന്ദ സ്മാരകത്തിലുള്ള ബോട്ട് ജെട്ടിക്ക് ആഴക്കുടുതലാണ്. തിരുവള്ളുവർ പ്രതിമയ്ക്കരികിലുള്ള ബോട്ട് ജെട്ടിക്ക് ആഴക്കുറവും.
പാറകൾ കൂടുതലുള്ള സ്ഥലവുമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ കടലിന്റെ അടിത്തട്ട് വ്യക്തമാകുന്ന സാഹചര്യത്തിൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്ക്കേണ്ടി വരുന്നുണ്ട്.
ഇതിനുള്ള ബദൽ മാർഗമായാണ് പാലം പണിയാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത് 97 മീറ്റർ നീളവും 4 മീറ്റർ വീതിയിലുമായി നിർമിക്കുന്ന പാലത്തിന്റെ പണി കഴിഞ്ഞ മേയ് 24നാണ് തുടങ്ങിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.