പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപൊലീത്ത അത്തനേഷ്യസ് യോഹാന്റെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ നിലവിൽ ദുരൂഹത കാണാതെ സഭാ നേതൃത്വം.
കെപി യോഹന്നാൻ എന്ന് അറിയപ്പെടുന്ന മെട്രാപൊലീത്തയുടെ സംസ്‌കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക.അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാൻ വിട വാങ്ങിയത്. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്‌ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അതുകൊണ്ട് തന്നെ വാഹനാപകടത്തിൽ ഇപ്പോൾ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വാഹനത്തിന്റെ ഡ്രൈവർക്ക് മെത്രാപൊലീത്തയുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് സഭാ നേതൃത്വം മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവിക അപകടമായി അതിനെ വിലയിരുത്തുകയാണ് അവർ. എങ്കിലും അമേരിക്കൻ പൊലീസിന്റെ അന്വേഷണത്തിൽ സത്യം തെളിയുമെന്നാണ് പ്രതീക്ഷ. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു മെത്രാപൊലീത്തയുടെ അന്ത്യം.
ചർച്ചിന്റെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. ഉടൻതന്നെ ഹെലികോപ്റ്ററിൽ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.
അഞ്ചു ദിവസംമുൻപാണ് മെത്രാപ്പൊലീത്ത അമേരിക്കയിൽ എത്തിയത്. 300 ഏക്കർ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്. ഇത്തരത്തിലുള്ള അപകടമായതു കൊണ്ട് തന്നെ കാറിടിയിൽ ദുരൂഹതാ സംശയം സജീവമായിരുന്നു.
ഇതിനിടെയാണ് സഭ ഇത് പ്രത്യക്ഷത്തിൽ തള്ളിക്കളയുന്നത്.യുഎസിലെ ഡാളസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം ആരോഗ്യസ്ഥിതി മോശമായി. ഇന്ത്യൻ സമയം രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സസിലെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന കാമ്പസാണ് സാധാരണ പ്രഭാതസവാരിക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിനു പുറത്തേക്കാണു പോയത്. ഇത് അപകടമായി മാറുകയും ചെയ്തു.
അപ്പർ കുട്ടനാട്ടിലെ നിരണത്തെ കടപ്പിലാരിൽ കുടുംബത്തിൽ 1950 മാർച്ച് എട്ടിനാണ് കെ.പി. യോഹന്നാന്റെ ജനനം. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആത്മീയ ജീവിതത്തിലേക്കു തിരിയുകയായിരുന്നു. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഭാഷകനായി.
1974ൽ അമേരിക്കയിലെ ഡാളസിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പിന്നീട് പാസ്റ്ററായി. ഇതേ മേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു.2003ൽ ബിലീവേഴ്‌സ് ചർച്ച് സ്ഥാപിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും വ്യാപൃതനായി.
തുടർന്ന് നിരവധി സ്ഥാപനങ്ങളും ബിലീവേഴ്‌സ് ചർച്ചിനുണ്ടായി. 2017ൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്ന് പേരു മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.