കൊച്ചി :പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച് ഒരു മാസം കഴിഞ്ഞിട്ടും ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം നീളുന്നു.
ഏപ്രിൽ 17 നാണ് പഞ്ചായത്തിൽ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ഇപ്പോൾ ഒരു മാസം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 217. ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ഗുരുതരാവസ്ഥയിൽ കഴിയുന്നത് 3 പേർ.നാൽപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. 2 പേർ മരിച്ചു. ധനസഹായം നൽകണമെന്ന ആവശ്യം നിരന്തരം ഉയർന്നിട്ടും പണം അനുവദിച്ചിട്ടില്ല എന്നു മാത്രമല്ല, ആരോഗ്യ മന്ത്രി ഉൾപ്പെടെ ഇവിടം സന്ദർശിച്ചിട്ടുമില്ല. ധനസഹായം ഉൾപ്പെടെയുള്ളവ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ആരോഗ്യമന്ത്രിയെ തലസ്ഥാനത്തു പോയി കണ്ടിരുന്നു.
രോഗികളെ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ വീടുകളും കടകളും കയറിയിറങ്ങി സഹായം തേടുകയാണ് പഞ്ചായത്ത് അധികൃതർ. കൂലിപ്പണിക്കാരും മറ്റു ചെറിയ തൊഴിലുകൾ ചെയ്തു ജീവിക്കുന്നവരുമെല്ലാം കൂടുതലുള്ള പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ മിക്ക കുടുംബങ്ങളുടെയും നട്ടെല്ലൊടിച്ചിട്ടുണ്ട്. 170 കുടുംബങ്ങളിലാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം.
രോഗം ബാധിച്ചവർക്ക് ജോലിക്കു പോകാന്‍ സാധിക്കുന്നില്ല എന്നതിനു പുറമെ കുടുംബം കഴിയാനും വഴിയില്ല. സ്വകാര്യ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ പഞ്ചായത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതു കൊണ്ടാണ് ഈ കുടുംബങ്ങൾ പിടിച്ചു നിൽക്കുന്നത്. പലരെയും രോഗം കലശലായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
ഇതിൽ ശ്രീകാന്ത്, ശ്രീനി എന്നീ ചെറുപ്പക്കാർ തങ്ങളുടെ ഉപജീവനമാർഗമായ ലോറിയും പശുവിനെയുമൊക്കെ വിറ്റാണ് ചികിത്സയ്ക്കുള്ള പണത്തിൽ കുറെയെങ്കിലും കണ്ടെത്തിയത്. രണ്ടു വൃക്കകളും തകർന്ന ശ്രീകാന്ത് ഡയാലിസിസിലൂടെയാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്.
11 ലക്ഷത്തോളം രൂപ ഇതിനകം ആശുപത്രിയിൽ ചെലവഴിച്ചു കഴിഞ്ഞു. ശ്രീകാന്തിന്റെ ഭാര്യ അഞ്ജനയുടെ നില അതീവ ഗുരുതരമാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് അഞ്ജന സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.